'സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നു; കേസില്‍ ഞാന്‍ എങ്ങനെ പ്രതിയായി ?'- ജോര്‍ജ്
കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് താനെന്നും, എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും പി.സി. ജോര്‍ജ്. സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായിയുടെ പേരില്‍ ഒരായിരം കേസെടുക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരേ കേസെടുക്കാനാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തും? ഒരു സ്ത്രീയെ 16 മാസം ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവര്‍ എന്നോട് പറഞ്ഞു.അവര്‍ ഒരു കുറിപ്പ് തന്നു, അതില്‍ പറഞ്ഞ കാര്യം ഞാന്‍ പത്രക്കാര്‍ക്ക് കൊടുത്തു. അതാണ് ഞാന്‍ ചെയ്ത മഹാപാപം.
ജയിലില്‍ കിടക്കുന്ന ഒരു സ്ത്രീയെ അവിടെയിട്ട് പീഡിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം, മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കള്‍ക്കോ എതിരേ ആരോപണം വന്നിട്ടില്ല. പിണറായി വിജയന്റെ ഭാര്യയും മകളും സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയാണ് പറഞ്ഞിരിക്കുന്നത് കേസിലെ രണ്ടാം പ്രതിയാണ്.