പ്രവാചക നിന്ദ: നൂപുർ ശർമക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
ന്യൂഡൽഹി: പ്രവാചക നിന്ദയിൽ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമക്ക് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. വിവാദ പ്രസ്താവനയെ തുടർന്ന് നൂപുറിനെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു. ലെറ്റ്അസ്ടോളറേറ്റ്ഇൻഡോളറൻസ് എന്ന ഹാഷ്ടാഗിലാണ് ഗൗതം ഗംഭീർ പിന്തുണയുമായെത്തിയത്.
വിവാദ പ്രസ്താവനയിൽ മാപ്പുപറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വധഭീഷണികൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ മതേതര ലിബറലുകളുടെ നിശ്ശബ്ദത കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്‍പെൻഡ് ചെയ്തിരുന്നു.
നേരത്തേ ബി.ജെ.പി എം.പി പ്രഗ്യ താക്കൂറും ബോളിവുഡ് നടി കങ്കണ റണാവത്തും നൂപുറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു ടെലിവിഷൻ ചർച്ചക്കിടെയാണ് നൂപുർ ശർമ പ്രവാചകനെതിരായ പരാമർശംനടത്തിയത്.