Featured Posts

Breaking News

ആരോഗ്യത്തിനായി കഴിക്കേണ്ട 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇതാ…


നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ആഹാരത്തിന് വലിയ പങ്കുണ്ട്. നാം കഴിക്കുന്ന ആഹാരം നമ്മുടെ തലച്ചോറുള്‍പ്പെടെ ശരീരത്തെ നേരിട്ട് സ്വാധീനിക്കുന്നു. പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണക്രമം കൂടുതല്‍ പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു.

ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്ന ഭക്ഷണം മുതല്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വരെ ഇവയിലുള്‍പ്പെടും. ആരോഗ്യമുള്ള തലച്ചോറിനായി നിങ്ങള്‍ പതിവായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇതാ.

ബ്ലൂബെറി

സ്വാദിഷ്ടമെന്ന് മാത്രമല്ല, തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പഴം കൂടിയാണ് ബ്ലൂബെറി. ഓര്‍മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ ബ്ലൂബെറി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് ഓര്‍മ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്തും. ബ്ലൂബെറിയില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൂടാതെ ബ്ലൂബെറി വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ്. ഇത് രോഗപ്രതിരോധത്തിന് സഹായിക്കും. രാവിലെ ഓട്സ് മീലില്‍ ഒരു പിടി ബ്ലൂബെറി കൂടി ചേര്‍ക്കുക. ഭക്ഷണത്തോടൊപ്പം കുറച്ച് ബ്ലൂബെറി ജ്യൂസ് കുടിക്കുകയുമാകാം. അല്ലെങ്കില്‍ ലഘുഭക്ഷണമായി ഇടയ്ക്കിടെ കഴിക്കുന്നതും നല്ലതാണ്.

സാല്‍മണ്‍ മത്സ്യം

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് സാല്‍മണ്‍. ഒമേഗ -3 തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് അവ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഭക്ഷണത്തില്‍ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്.

പ്രോട്ടീനിന്റെയും വിറ്റാമിന്‍ ഡിയുടെയും ഉറവിടം കൂടിയാണ് സാല്‍മണ്‍. സ്ഥിരമായി മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് അല്‍ഷിമേഴ്സ് രോഗവും മറ്റും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അണ്ടിപ്പരിപ്പ്, ബദാം മുതലായവ

തലച്ചോറിന് ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയ്ക്കായി കഴിക്കാവുന്ന പദാര്‍ത്ഥങ്ങളാണ് അണ്ടിപ്പരിപ്പ്, ബദാം മുതലായവ. ഓര്‍മശക്തി കൂട്ടാന്‍ ഇത് സഹായിക്കും. പ്രഭാതഭക്ഷണത്തിലോ ഓട്സ്മീലിലോ ചേര്‍ത്ത് ഇവ കഴിക്കാവുന്നതാണ്.

ഡാര്‍ക്ക് ചോക്ലേറ്റുകള്‍

ആന്റിഓക്സിഡന്റുകളുടെയും ഫ്‌ലേവനോയ്ഡുകളുടെയും നല്ല ഉറവിടമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോക്ലേറ്റ് കഴിക്കാത്തവരേക്കാള്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകള്‍ മെമ്മറി ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പിന്റെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണ് അവോക്കാഡോ. തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ചുരുക്കം ചില പഴങ്ങളില്‍ ഒന്നാണിത്. അവോക്കാഡോ കഴിക്കുന്നവരില്‍ തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനത്തിനും പ്രധാനമായ പ്രോട്ടീനായ ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ ഉയര്‍ന്ന അളവിലുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

News Highlights: 5 Foods to eat for better brain health

No comments