കൊച്ചിയിൽ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശി
കൊച്ചി: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇൻഫോപാർക്കിലെ ഓക് സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് ഹോട്ടൽ ജീവനക്കാരനാണ്. മരണം സംഭവിച്ചിട്ട് രണ്ടു ദിവസമായെന്നാണ് സൂചന. മൃതദേഹം തുണികൊണ്ട് വരിഞ്ഞു ചുറ്റിയ നിലയിലായിരുന്നു.
സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റു നാലു പേർ കൂടി ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലുണ്ടായിരുന്ന സുഹൃത്ത് അര്‍ഷാദ് സജീവ് കൃഷ്ണയ്ക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നുവെന്ന് പറയുന്നു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാളെ ഇപ്പോൾ കാണാനില്ലെന്നാണ് വിവരം.
ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റു സുഹൃത്തുക്കൾ ഫ്ലാറ്റിലെ കെയർടേക്കറെ ബന്ധപ്പെട്ട് ഫ്ലാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റും. സജീവിന്റെ ദേഹമാസകലം മുറിവുകളുണ്ട്.