ഗുജറാത്തില്‍ 1026 കോടിയുടെ നിരോധിത ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി.
ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്ന് നിരോധിത ലഹരി ഗുളികകളുടെ വൻ ശേഖരം മുംബൈ പൊലീസ് ആന്റി നർകോട്ടിക് സെൽ പിടികൂടി. ശനിയാഴ്‌ച നടന്ന റെയ്‌ഡിൽ 1026 കോടി രൂപ വിലവരുന്ന 513 കിലോ മെഫെഡ്രോൺ എന്ന ലഹരിമരുന്നാണ് കണ്ടെത്തിയത്. മെഫെഡ്രോൺ നിർമ്മാണ യൂണിറ്റ് ഉടമ ഗിരിരാജ് ദീക്ഷിത്തിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തു.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഗിരിരാജ് ദീക്ഷിത്ത് സുഹൃത്തിനൊപ്പം ചേർന്നാണ് അനധികൃതമായി മെഫെഡ്രോൺ നിർമ്മിച്ചത്. മുംബൈയിലെ നലസോപ്പാറയിൽ നിന്നും 1400 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് മുൻപ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്.
1218 കിലോ ലഹരിമരുന്നാണ് പല സ്ഥലങ്ങളിൽ നിന്നായി ഇതിനകം പൊലീസ് പിടികൂടിയത്. ഇതിന് ഏകദേശം 2435 കോടി രൂപ വില വരും. കേസുമായി ബന്ധപ്പെട്ട് പ്രേം പ്രകാശ് പ്രശാന്ത് സിംഗ്, കിരൺ പവാർ, ഷംഷുളള ഉബൈദുളള ഖാൻ, ആയൂബ് ഇസാർ അഹ്മദ് ഷെയ്ഖ്, രേഷ്‌മാ ചന്ദൻ, റിയാസ് അബ്‌ദുൾ സത്താൻ മേനൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.