സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാൻ കൂടെ വന്നില്ല; സുഹൃത്തിന്റെ തല വെട്ടിയെടുത്ത് യുവാവ്
ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാൾ മത്സരത്തിൽ സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാൻ കൂടെ വരാത്തതിന് സുഹൃത്തിന്റെ തലവെട്ടിയെടുത്ത് യുവാവ്. വടക്കൻ അസമിലെ സോനിത്പുർ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ തുനിറാം മാദ്രി (40) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുഹൃത്തിന്റെ വെട്ടിയെടുത്ത തലയുമായി ഇയാൾ 25 കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ കാൽനടയായി എത്തി കീഴടങ്ങുകയായിരുന്നു വെന്നു പൊലീസ് പറയുന്നു. ബോയ്‍ല ഹേമറാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അസമിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട ബോയ്‍ല ഹേമറാം ഞായറാഴ്‌ച തുനിറാം മാദ്രിയോട് 500 രൂപ കടം ചോദിച്ചിരുന്നു. എന്നാൽ തുനിറാം പണം നൽകിയില്ല. തിങ്കളാഴ്ച ഫുട്ബോൾ മത്സരത്തിൽ സമ്മാനമായി ലഭിച്ച ആടിനെ അറുക്കാൻ കശാപ്പ്‌ശാലയിൽ തന്റെ കൂടെ വരാൻ ഹേമറാമിനോട് തുനിറാം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ 500 രൂപ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഹേമറാം തുനിറാമിന്റെ ആവശ്യം നിരസിച്ചു. ഇതോടെ പ്രകോപിതനായ തുനിറാം ഹേമറാമിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. വെട്ടിയെടുത്ത തലയുമായി വീട്ടിലെത്തിയ തുനിറാമിനെ മൂത്ത സഹോദരൻ വീട്ടീൽ നിന്ന് ഓടിച്ചു വിട്ടു. ഹേമറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർച്ചയേറിയ കത്തിയും ഇയാൾ പൊലീസിന് കൈമാറി.