ദേഷ്യം വന്നപ്പോൾ കൊന്നു'; കാലിലും കഴുത്തിലും തുണികെട്ടി വലിച്ചിഴച്ച് കിണറ്റിലിട്ടു
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി ബംഗാൾ സ്വദേശി ആദം അലി(21) പിടിയിലായി. ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.പി.എഫാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിൽ ഇയാളുടെ പങ്ക് വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്‌ക് ലെയ്ൻ രക്ഷാപുരി റോഡ് മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68) കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
മനോരമയുടെ വീടിന്റെ തൊട്ടടുത്ത് കെട്ടിടനിർമാണ ജോലിക്കെത്തിയതാണ് ആദം അലി. ഇയാൾ മൃതദേഹം തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കൊണ്ടിടുന്ന ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. സമീപമുള്ള മറ്റൊരു വീട്ടിലേതാണ് സി.സി.ടി.വി. ദൃശ്യങ്ങൾ. മൃതദേഹം കിണറ്റിലിട്ട ശേഷം അലി തൊട്ടുസമീപത്തെ വീടുകളിലേക്കും പണി നടക്കുന്ന കെട്ടിടത്തിനു മുകളിലേക്കും നോക്കുന്നുണ്ട്. അലിയെ മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. സി.സി.ടി.വി.യുള്ള വീട്ടിലും ആൾത്താമസമില്ല.
അലിയോടൊപ്പം ജോലിചെയ്തിരുന്ന നാലു തൊഴിലാളികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദേഷ്യം വന്നപ്പോൾ സമീപത്തെ വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് അലി പറഞ്ഞിരുന്നതായാണ് ഇവരുടെ മൊഴി. തുടർന്നാണ് അലി കേരളം വിട്ടത്. ആദം അലിയുടെ കൈവശം മൊബൈൽഫോൺ ഇല്ലായിരുന്നു.
സാഗോക്ക്(ഷാഡോ) പോലീസിന്റെയും അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡിലെയും സമീപ സ്ഥലങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽനിന്ന് ഇയാൾ ഞായറാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷനിലെത്തിയെന്നു കണ്ടെത്തി. ഉടൻതന്നെ റെയിൽവേ പോലീസിനും ആർ.പി.എഫിനും പ്രതിയുടെ ചിത്രം സഹിതം വിവരം നൽകി. ഇതോടെയാണ് ഇയാൾ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ മുതൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ഇടപെടലുകളാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ഞായറാഴ്ച അഞ്ചു മണിക്കുള്ള ചെെന്നെ എക്‌സ്‌പ്രസിലാണ് അലി ചെന്നൈയിലേക്കുപോയത്. ഇവിടെനിന്നു തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ട ഹൗറ എക്‌സ്‌പ്രസിൽ പോകാനായിരുന്നു പദ്ധതി. ആർ.പി.എഫ്. നടത്തിയ പരിശോധനയിൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഇയാൾ പിടിയിലാവുകയായിരുന്നു.തുടർന്ന് മെഡിക്കൽ കോളേജ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു. ചൊവ്വാഴ്ച പ്രതിയുമായി തിരിച്ചെത്തും.
മൃതദേഹം കിണറ്റിലിടുന്ന ദൃശ്യങ്ങൾ കിട്ടി
തിരുവനന്തപുരം: മനോരമയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് മൃതദേഹം കിണറ്റിലിടുകയായിരുന്നു. കാലിൽ കട്ടകെട്ടി മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് ഇടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങൾ മോഷണം പോയി. സ്വർണം മോഷ്ടിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. വീട്ടിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ കണ്ടെത്തി. മനോരമയുടെ ഭർത്താവ് ദിനരാജിന്റെ പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം പിന്നീട് കണ്ടെത്തി. മനോരമ പുറത്തേക്കു പോകാൻ തുടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് കരുതുന്നത്. തുണികൾ തയ്ക്കാനായും മറ്റും പുറത്തുപോകാനുള്ളതിനാലാണ് ഭർത്താവിനൊപ്പം മനോരമ പോകാതിരുന്നത്.
അടുക്കളയിൽവെച്ച് മനോരമയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികിൽ എത്തിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സൺഷേഡിൽ ഇറങ്ങിനിന്ന് മൃതദേഹം ഈ വളപ്പിലിട്ടു. തുടർന്ന് വലിച്ചിഴച്ച് കിണറ്റിനരികിൽ കൊണ്ടുപോയശേഷം കഴുത്തിലും കാലിലും തുണി കൂട്ടിക്കെട്ടി കിണറ്റിലിടുകയായിരുന്നു.
കെട്ടിടനിർമാണത്തൊഴിലാളികൾക്ക് പാചകത്തിനും മറ്റും വേണ്ടി വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടിൽനിന്നാണ്. പണി നടക്കുന്ന വീടിനു മുകളിൽ നിന്ന് നോക്കിയാൽ മനോരമയുടെ വീടിനുചുറ്റും കാണാം. ദിനരാജ് പുറത്തുപോയതോടെ മനോരമ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നറിഞ്ഞിട്ടാകാം ആദം അലി എത്തിയതെന്നാണ് പോലീസ് കരുതുന്നത്.
‘പബ്ജിക്ക് അടിമ, പെട്ടെന്ന് പ്രകോപിതനാകും’
തിരുവനന്തപുരം: മനോരമ കൊലക്കേസിലെ പ്രതി ആദം ആലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു. മൊബൈൽ ഗെയിമായ പബ്ജിക്ക് ഇയാൾ അടിമയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
കളി തോറ്റതിന്റെ ദേഷ്യത്തിൽ ഇയാൾ കഴിഞ്ഞ ദിവസം മൊബൈൽഫോൺ എറിഞ്ഞുപൊട്ടിച്ചു. കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഉള്ളൂരുള്ള സുഹൃത്തുക്കളോട് മൊബൈൽഫോണും പുതിയ സിം കാർഡും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ എത്താൻ വൈകിയപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു നാലേകാലിന്റെ ഷാലിമാർ എക്സ്‌പ്രസിൽ രക്ഷപ്പെടാനായിരുന്നു പദ്ധതി. ഏതാനും മിനിറ്റുകൾ വൈകിയതിനാൽ ഇത് നടന്നില്ല.
കഴിഞ്ഞ മാസം അഞ്ചിനാണ് ആദം അലി കേശവദാസപുരത്തെ വീട്ടിൽ ജോലിക്കെത്തിയത്. ഇതിനുമുമ്പ് പാലക്കാടും കൊല്ലവുമടക്കം സംസ്ഥാനത്തെ പല ജില്ലകളിലും ജോലി ചെയ്തിരുന്നു. നാലുവർഷത്തോളമായി ഇയാൾ കേരളത്തിൽ ജോലി ചെയ്യുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.