Featured Posts

Breaking News

ഇന്ത്യന്‍ നിയമത്തിനു വഴങ്ങുമോ നിത്യാനന്ദ; ‘ജീവനോടെ’ തിരിച്ചെത്തിക്കുമോ ഏജന്‍സികള്‍?


ബെംഗളൂരു: സാങ്കൽപിക രാഷ്ട്രമായ ‘കൈലാസ’ത്തിൽ ഇരുന്നു കൊണ്ട് രാജ്യത്തെയും ഇന്റർപോൾ അടക്കമുള്ള അന്വേഷണ ഏജൻസികളെയും നിരന്തരം വെല്ലുവിളിക്കുകയാണ് പീഡനക്കേസിൽ പൊലീസ് അന്വേഷിക്കുന്ന വിവാദ ആൾദൈവം നിത്യാനന്ദ. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിൽ നിത്യാനന്ദയ്ക്കെതിരെ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് വീണ്ടും നിത്യാനന്ദ വാർത്തകളിൽ നിറയുന്നത്.

‘കൈലാസം’ എന്ന പേരിൽ ഒരു രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് സ്വന്തമായി പാസ്‌പോർട്ടും കറൻസിയും ഉണ്ടാക്കിയ നിത്യാനന്ദയുടെ ഒളിത്താവളം എവിടെയെന്നു കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമം തുടരുകയാണ്. മണ്ടത്തരങ്ങൾ പറയുന്ന കോമാളിയെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുമ്പോഴും താൻ അതൊന്നുമല്ലെന്നും എന്തും ചെയ്യാൻ മടിക്കാത്തയാളാണെന്നും ഒരു ചിരിയോടെ പറയുന്ന നിത്യാനന്ദയുടെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

‘ആത്മീയ പ്രഭാഷണങ്ങൾ’ക്കൊപ്പം തന്റെ അമരത്വത്തെപ്പറ്റിയും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെപ്പറ്റിയും കൈലാസമെന്ന സ്വന്തം രാജ്യത്തെപ്പറ്റിയും തന്റെ മരണാനന്തര ജീവിതത്തെപ്പറ്റിയുമൊക്കെ പറയുന്ന വിഡിയോകൾ തുടർച്ചയായി വന്നിരുന്നു. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും താൻ മരിച്ച ശേഷം മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്കരിക്കണമെന്നും സമ്പത്ത് ഇന്ത്യയ്ക്കു നൽകണമെന്നും ഒരു വിഡിയോയിൽ പറയുന്നു.

ഇത്തരം വിഡിയോകൾ കുറച്ചുകാലം പുറത്തുവരാതിരുന്നപ്പോൾ, സ്വത്തിനു വേണ്ടി അനുയായികൾ നിത്യാനന്ദയെ കൊലപ്പെടുത്തിയെന്ന അഭ്യൂഹമുയർന്നിരുന്നു. ‘‘അവരെക്കാൾ ബുദ്ധിയുണ്ട് എനിക്ക്, അവരുടെ കൈ കൊണ്ട് ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’’– എന്നു നിത്യാനന്ദ പരിഹാസച്ചിരിയോടെ പറയുന്ന വിഡ‍ിയോ തൊട്ടുപിന്നാലെ പുറത്തു വന്നു. ‘‘ഹിന്ദു വിരോധികളാണ് എന്നെ കൊല്ലാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെയാണ് ‘കൈലാസം’ സൃഷ്‌ടിച്ച് താമസം മാറിയത്. ഇനി അവരെന്നെ കൊന്നുവെന്നു കരുതുക. ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്കു മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വർഷം കൂടി ജീവിക്കും.’’– മറ്റൊരു വിഡിയോയിൽ നിത്യാനന്ദ പറയുന്നു.

നിത്യാനന്ദയുടെ പൊടി പോലും കണ്ടെത്താൻ കഴിയുന്നില്ലെന്നും എവിടെയാണെന്നു സൂചനയില്ലെന്നും ഇന്റർപോൾ അടക്കമുള്ള ഏജൻസികൾ പറയുമ്പോഴാണ് എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരന്തരം നിത്യാനന്ദയുടെ വിഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതു കൊണ്ട് കാര്യമില്ലെന്നും നിത്യാനന്ദ ആഗ്രഹിക്കുമ്പോഴല്ലാതെ അദ്ദേഹത്തിലേക്ക് ആർക്കും എത്തിച്ചേരാൻ കഴിയില്ലെന്നും അനുയായികൾ സമൂഹമാധ്യമത്തിലൂടെ അവകാശവാദം ഉന്നയിച്ചിരുന്നു.

സുന്ദരികളായ പെൺകുട്ടികളും ചലച്ചിത്രതാരങ്ങൾ‍ അടക്കമുള്ള സെലിബ്രിറ്റികളും മറ്റും അടങ്ങുന്ന അനുയായിവൃന്ദമുള്ള നിത്യാനന്ദയും തമിഴ് നടി രഞ്ജിതയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതികെ പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃതമായി തടവിലാക്കൽ തുടങ്ങി നിരവധി കേസുകളുമുണ്ട്.

യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിൽ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്തിൽനിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തേ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

രഞ്ജിതയുമൊത്തുള്ള വിവാദ ലൈംഗിക ടേപ്പ് പുറത്തായതിനു പിന്നാലെയെടുത്ത കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടർന്ന്, കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020 ൽ കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു.

News Highlights: Controversial godman Nityananda, who is being investigated by the police in a rape case, is constantly challenging the country and the investigating agencies including Interpol by sitting in the fictional nation of 'Kailasa'.
After the controversial sex tape of Nityananda with South Indian actress Ranjitha was released on private TV channels on March 2, 2010 by ex-driver Lenin Karuppan, Nityananda is again in the news when the Bengaluru Ramanagara Sessions Court issued a non-bailable warrant against Nityananda.

No comments