അഞ്ജുവിനും കണ്മണികൾക്കും യാത്രാമൊഴി; ഭർത്താവ് ജയിലിൽ
ആ രണ്ടു കുഞ്ഞുപെട്ടികളിൽ നിറയെ കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു. പേരെഴുതിയ ബാഗും നെയിംസ്ലിപ് ഒട്ടിച്ച പുസ്തകങ്ങളും പിങ്ക് നിറത്തിലുള്ള കുടയും വാട്ടർ ബോട്ടിലുമെല്ലാം അതിനോടു ചേർത്തുവച്ചിരുന്നു. അവയ്ക്കൊപ്പം രണ്ടു കുഞ്ഞുങ്ങൾ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. അമ്മയുടെ ഉറക്കത്തിനരികിലായി അവരുടെയും കുഞ്ഞുറക്കം.
യുകെയിൽ നഴ്സായ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹം ഇന്നലെയാണു ജന്മനാട്ടിൽ എത്തിച്ചത്. ഇവരെ കൊല്ലപ്പെട്ട നിലയിൽ ലണ്ടനിലെ വീട്ടിൽ കണ്ടെത്തിയതു ഡിസംബർ 15നാണ്. കൊലക്കേസിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജു(52)വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുകെയിലെ കോടതിയിൽ കുറ്റസമ്മതം നടത്തിയ സാജു നോർതാംപ്റ്റൻഷർ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുലശേഖരമംഗലം അറയ്ക്കൽ അശോകന്റെ മകളാണ് അഞ്ജു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നു വിമാനക്കൂലി ഈടാക്കാതെയാണു 3 പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
ഇത്തിപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ മൂവർക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി. ഉച്ചയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ജുവിന്റെ താലിയും സ്വർണാഭരണങ്ങളും പിതാവ് അശോകൻ യുകെയിൽ നിന്നു മൃതദേഹങ്ങൾക്കൊപ്പം എത്തിയ മനോജ് മാത്യുവിൽ നിന്ന് ഏറ്റുവാങ്ങിയതു വേദന നിറഞ്ഞ കാഴ്ചയായി. അഞ്ജുവിന്റെ സഹപ്രവർത്തകനാണു മനോജ്.
ഇതേ സമയം അഞ്ജുവിന്റെയും മക്കളുടെയും സംസ്കാരം നടത്തിയ ഇന്നലെ യുകെയിലെ ജയിലിൽ സാജു ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നും ലണ്ടനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ദിവസവും സാജു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് കരുതുന്നു.
ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല. രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം. ഇതോടെ ഉടൻ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല.
മദ്യലഹരിയിലാണ് ഇയാൾ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
Tag: Those two baby boxes were full of baby clothes and toys. A bag with a name written on it, books with a name slip attached, a pink umbrella and a water bottle were attached to it. Two babies were sleeping with them. Their baby sleeps next to their mother's sleep.