മാരുതിയിൽ നിന്ന് ഇലക്ട്രിക് എസ്‌യുവി: റേഞ്ച് 550 കി മീ
മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് മോഡൽ (YV8) ഒാട്ടോ എക്സ്പോ 2023–ൽ അവതരിപ്പിച്ചു. 2025–ൽ നിരത്തിലെത്തുന്ന വാഹനത്തിന് മാരുതി അവകാശപ്പെടുന്ന റേഞ്ച് 550 കിമീ ആണ്. വരാനിരിക്കുന്ന ഇലക്ട്രിക് ക്രേറ്റ ഉൾപ്പടെയുള്ള മോഡലുകൾക്കുള്ള മാരുതിയുടെ മറുപടിയായിരിക്കും 60kWh ബാറ്ററിയുള്ള പുതിയ എസ്‌യുവി.
രാജ്യാന്തര വിപണിക്കും ഇന്ത്യൻ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേർന്നു വികസിപ്പിക്കുന്ന എസ്‍യുവി വൈവി 8 എന്ന കോഡു നാമത്തിൽ അറിയപ്പെടും. 2025 ഫെബ്രുവരിയിൽ പുതിയ ഇലക്ട്രിക് വാഹനം മാരുതി പുറത്തിറക്കും. സുസുക്കിയുടെ ഗുജറാത്ത് ശാലയിലായിരിക്കും വാഹനത്തിന്റെ നിർമാണം. ഇലക്ട്രിക് എസ്‍യുവിയുടെ ടൊയോട്ട പതിപ്പുമെത്തുമെങ്കിലും ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പോലെ രൂപമാറ്റമുണ്ടാകും.
ചൈനീസ് ബാറ്ററി നിർമാതാക്കളായ ബിവൈഡിയിൽ നിന്നാണ് സുസുക്കി പുതിയ വാഹനത്തിന്റെ ബാറ്ററി എത്തിക്കുക. 48 kWh ശേഷിയുള്ള 400 കിമീ റേഞ്ചുള്ള എൻട്രി ലെവൽ മോഡലും മാരുതി പുറത്തിറക്കാനാണ് സാധ്യത. 3 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വില നിലവാരത്തിൽ വിപണിയിലെത്തിക്കാനാണ് സുസുക്കി ശ്രമിക്കുന്നത്. 2018 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ഫ്യൂച്ചർ എസ് ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റും, 2020 ൽ ഫ്യൂച്ചറോ ഇ കൺസെപ്റ്റും കമ്പനി പ്രദർശിപ്പിച്ചിരുന്നു.