ആസിഡ് മഴ, കൊടുങ്കാറ്റ്: ശുക്രനിൽ ഇന്ത്യ തേടുന്ന രഹസ്യങ്ങൾ...
കൊടുങ്കാറ്റും ഇടിമിന്നലും നിറഞ്ഞ് സദാ പ്രക്ഷുബ്ധമായ അന്തരീക്ഷം. ചുട്ടുപൊള്ളുന്ന ചൂട്. ശരാശരി താപനില 460 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍. മഴയായി പെയ്യുന്നത് സള്‍ഫ്യൂരിക് ആസിഡ്. തുടര്‍ച്ചയായ അഗ്‌നിപര്‍വത സ്ഫോടനം. പറഞ്ഞുവരുന്നത് ഭുമിയോട് ഏറെ സാമ്യമുള്ള നമ്മുടെ തൊട്ട് അയല്‍വാസിയായ ശുക്രനെക്കുറിച്ചാണ്. അയല്‍വാസിയാണെങ്കിലും ആ ബന്ധവുംവെച്ച് ഭൂമിയില്‍നിന്ന് അത്ര എളുപ്പത്തിലൊന്നും ശുക്രനിലേക്ക് അടുക്കാനാകില്ല. മുകളില്‍ പറഞ്ഞ പ്രതികൂല കാലാവസ്ഥ തന്നെ കാരണം. അതിനാല്‍ ശുക്രനിലെ രഹസ്യങ്ങള്‍ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിനും ബഹിരാകാശ ഏജന്‍സികള്‍ക്കും ശ്രമകരമായ ദൗത്യമാണ്.
ഈ ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയും ശുക്രനിലെ രഹസ്യങ്ങള്‍ തേടി ഇറങ്ങുകയാണ്. ശുക്രയാന്‍ 1 എന്ന് പേരിട്ട ഐഎസ്ആര്‍ഒയുടെ (ഇസ്‌റോ) സ്വപ്നപദ്ധതി 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില തടസങ്ങള്‍ കാരണം ശുക്രനിലെത്താന്‍ ഇസ്റോ എട്ടുവര്‍ഷംകൂടി കാത്തിരിക്കണം.കേന്ദ്രസര്‍ക്കാരില്‍ നിന്ന് അന്തിമ അംഗീകാരം ലഭിക്കാത്തതാണ് ശുക്രയാന്‍ നീളാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഇനി 2031ല്‍ ശുക്രയാന്‍ വിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ് സതീഷ് ധവാന്‍ പ്രൊഫസറും ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പദ്ധതികളുടെ ഉപദേശകനുമായ പി. ശ്രീകുമാര്‍ അടുത്തിടെ പറഞ്ഞത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സില്‍ നടന്ന ഇന്തോ-ഫ്രഞ്ച് ജ്യോതിശാസ്ത്ര യോഗത്തില്‍ സംസാരിക്കവെയാണ് ശുക്രയാന്‍ വൈകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ക്ഷമ വേണം, അടുക്കാന്‍ സമയമെടുക്കും
ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന്‍ ഭൂമിയോട് അടുത്തുവരുന്നത്. ഈ ഘട്ടത്തിലാണ് ശുക്രനിലേക്കുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ 'ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ' ലഭിക്കുക. ഇത്തരത്തില്‍ 2024 ഡിസംബറിലെ ലോഞ്ച് വിന്‍ഡോയിലാണ് ശുക്രയാന്‍ വിക്ഷേപിക്കാനിരുന്നത്. നേരത്തെ 2023 തുടക്കത്തില്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ മൂലം ഇത് 2024ലേക്ക് നീളുകയായിരുന്നു.
ഇനി ഒരുപക്ഷേ 2024ലെ അവസരം നഷ്ടപ്പെട്ടാലും 19 മാസത്തെ ഇടവേള കഴിഞ്ഞ് 2026, 2028 വര്‍ഷങ്ങളില്‍ ശുക്രയാന് വിക്ഷേപണം സാധ്യമായേനെ. എന്നാല്‍ വിക്ഷേപണത്തിന് ആവശ്യമായ ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനുതകുന്ന വിധത്തില്‍ ശുക്രനും ഭൂമിയും കൂടുതല്‍ അടുത്തുവരുന്ന ലോഞ്ച് വിന്‍ഡോ ഓരോ എട്ട് വര്‍ഷം കൂടുമ്പോഴും ലഭിക്കും. അതിനാല്‍ കേന്ദ്ര അംഗീകാരം വൈകുന്ന നിലവിലെ സാഹചര്യത്തില്‍ ശുക്രയാന്റെ വിക്ഷേപണം 2031ലേക്ക് മാറ്റുന്നതാണ് നല്ലതെന്ന നിഗമനത്തിലേക്കാണ് ഇസ്‌റോയിലെ ശാസ്ത്രജ്ഞര്‍ എത്തിയത്. അന്തിമ അംഗീകാരവും ദൗത്യത്തിന് ആവശ്യമായി ഫണ്ടും അനുവദിച്ചാല്‍ ഉടന്‍തന്നെ ശുക്രയാന്‍ പേടകത്തിന്റെ അസംബ്ലിയും അന്തിമ പരീക്ഷണങ്ങളും ഇസ്റോയില്‍ ആരംഭിക്കും.
ചന്ദ്രനും ചൊവ്വയും കടന്ന് ശുക്രനിലേക്ക്
ചന്ദ്രനിലെ ജലസാന്നിധ്യവും ചൊവ്വയുടെ രഹസ്യങ്ങളും കണ്ടെത്തിയ നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് ഭൂമിയോട് തൊട്ടടുത്തുള്ള ശുക്രനിലേക്ക് പുതിയ ദൗത്യത്തിന് ഇസ്റോ തയ്യാറെടുക്കുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2012ലാണ് ശുക്രന്റെ പര്യവേക്ഷണ സാധ്യതയെക്കുറിച്ച് ഇസ്‌റോയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. 2012ലെ തിരുപ്പതി സ്പേസ് മീറ്റിലാണ് ഇതുസംബന്ധിച്ച് കരട് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രയാന്‍ ദൗത്യത്തിനുള്ള പ്രാഥമിക പഠനങ്ങള്‍ ആരംഭിച്ചു. 2017-2018 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് 23 ശതമാനം അധികവിഹിതമായി വകയിരുത്തിയതാണ് ഇതിലേക്കു നയിച്ചത്. തൊട്ടുപിന്നാലെ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ശുക്രയാനിലേക്കുള്ള പേലോഡ് (ബഹിരാകാശത്തേക്ക് അയക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍) നിര്‍ദേശങ്ങളും ഇസ്‌റോ തേടിയിരുന്നു.
ശുക്രാന്തരീക്ഷത്തിലെ പ്രതികൂല കാലാവസ്ഥ മൂലം ഒരു ബഹിരാകാശ വാഹനത്തെ അവിടെ ഇറക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുമ്പ് ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ അയച്ച പല ലാന്‍ഡര്‍ ദൗത്യങ്ങളും അവസാന നിമിഷത്തില്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇന്ത്യയുടെ ശുക്രയാന്‍ ഒരു ഓര്‍ബിറ്റര്‍ ദൗത്യമാണ്. അതായത് പേടകം ശുക്രനില്‍ ഇറങ്ങില്ല. മറിച്ച് ശുക്രന്റെ അന്തരീക്ഷത്തിലൂടെ ചുറ്റി സഞ്ചരിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഈ വിവരങ്ങളിലൂടെ ശുക്രന്റെ ഉള്ളറകളിലേക്കെത്താന്‍ സാധിക്കുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടല്‍. ഇതുവരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയ ബഹിരാകാശ ഏജന്‍സികളുടെ ദൗത്യങ്ങള്‍ അതേപടി അനുകരിക്കാതെ പുതിയ വഴികള്‍തേടി ആധികാരികമായ തെളിവുകളിലേക്ക് വെളിച്ചംവീശുന്ന പഠനമാണ് ഇസ്‌റോ ലക്ഷ്യംവെക്കുന്നത്.
ഭൂമിയുടെ ഇരട്ട, നിലനില്‍പ്പ് പ്രയാസം
വലിപ്പംകൊണ്ടും രൂപംകൊണ്ടും ഭൂമിയോട് ഏറെ സാമ്യമുള്ളതിനാല്‍ ഭൂമിയുടെ ഇരട്ടയെന്ന വിശേഷണം ശുക്രനുണ്ട്. ചൊവ്വയെക്കാള്‍ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ഇതുതന്നെ. ഏകദേശം അഞ്ചു കോടി കിലോമീറ്ററാണ് ഭൂമിയില്‍നിന്ന് ശുക്രനിലേക്കുള്ള ദൂരം. പ്രഭാത നക്ഷത്രമെന്നും സാന്ധ്യ നക്ഷത്രമെന്നും ശുക്രന് വിളിപ്പേരുണ്ട്. ശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത പ്രാചീന കാലത്ത് ഇതിനെ ഒരു നക്ഷത്രമായാണ് ആളുകള്‍ ധരിച്ചിരുന്നത്. അതാണ് ഈ പേരുകള്‍ ഈ ഗ്രഹത്തിന് ലഭിക്കാനിടയായത്. മേഘാവൃതമായതും കട്ടികൂടിയതുമായ അന്തരീക്ഷമാണ് ശുക്രനുള്ളത്. ഈ പ്രത്യേകതകൊണ്ട് ഗ്രഹത്തില്‍ എത്തുന്ന 70 ശതമാനം സൂര്യപ്രകാശത്തെയും അത് പ്രതിഫലിപ്പിക്കുന്നു. ശുക്രന്റെ വലിയ തിളക്കത്തിന് കാരണം ഇതാണ്.
സൗരയൂഥത്തില്‍ സൂര്യനില്‍ നിന്നുള്ള ദൂരം കണക്കാക്കുമ്പോള്‍ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. സൂര്യനില്‍ നിന്ന് 10.8 കോടി കിലോമീറ്റര്‍ ദൂരെയാണ് ശുക്രന്റെ സ്ഥാനം. സൂര്യനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഗ്രഹം ബുധന്‍ ആണെങ്കിലും താപനില താരതമ്യം ചെയ്യുമ്പോള്‍ ശുക്രനാണ് ചൂടേറിയ ഗ്രഹം. ശുക്രന്റെ ഉപരിതലത്തില്‍ അനുഭവപ്പെടുന്ന താപനില 440-480 ഡിഗ്രി സെല്‍ഷ്യസിനുള്ളിലാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തെക്കാള്‍ 100 മടങ്ങ് ഭാരക്കൂടുതലുള്ളതാണ് ശുക്രനെ വലയം ചെയ്തുള്ള വാതകങ്ങളും പൊടിപടലങ്ങളും. അതുകൊണ്ടാണ് ശുക്രന്‍ ചുട്ടുപഴുത്ത ഗ്രഹമായി തുടരുന്നത്. ശുക്രന്റെ കട്ടികൂടിയ അന്തരീക്ഷത്തില്‍ 95.6 ശതമാനവും കാര്‍ബണ്‍ഡൈ ഓക്സൈഡാണ്. മൂന്ന് ശതമാനം നൈട്രജനും. ഭൂമിയുടെ അന്തരീക്ഷത്തില്‍ 0.04 ശതമാനമാണ് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ്. ഇതുതന്നെ ഭൂമിയുടെ താപനില വളരെയേറെ വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ 95 ശതമാനത്തിലേറെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറഞ്ഞ ശുക്രനിലെ താപനില വര്‍ധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ശുക്രനിലെ അന്തരീക്ഷമര്‍ദ്ദം ഭൂമിയുടെ 92 മടങ്ങോളം വരും. ഉയര്‍ന്ന മര്‍ദ്ദവും താപനിലയും മൂലം മനുഷ്യര്‍ക്കെന്നല്ല ബഹിരാകാശ പേടകങ്ങള്‍ക്ക് പോലും അവിടെ നിലനില്‍പ്പ് പ്രയാസമാണ്. ഇത്ര ഭീകരമായ അന്തരീക്ഷം മൂലമാണ് മുമ്പ് സോവിയറ്റ് യൂണിയന്‍ അയച്ച പല പേടകങ്ങളും ശുക്രനില്‍ ലാന്‍ഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആശയവിനിമയം നഷ്ടപ്പെട്ട് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നാണ് നിഗമനങ്ങള്‍.
ചൂടന്‍ ഗ്രഹത്തിലേക്ക് പോയിട്ടെന്ത് കാര്യം?
അന്തരീക്ഷ താപനില ഇത്രയേറെ ഉയര്‍ന്ന ചുട്ടുപൊള്ളുന്ന ഒരു ഗ്രഹത്തിലേക്ക് ബഹിരാകാശ യാത്ര നടത്തിയതുകൊണ്ട് മനുഷ്യരാശിക്ക് കാര്യമായി എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ കേട്ടോളു; സൗരയൂഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള സൂക്ഷമജീവികളുണ്ടെങ്കില്‍ അത് ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഫോസ്ഫീന്‍ എന്ന രാസപദാര്‍ഥം ശുക്രന്തരീക്ഷത്തില്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവികളുടെ സാന്നിധ്യത്തില്‍ മാത്രമേ ഈയൊരു വാതകം ഉണ്ടാകു എന്നാണ് പല അസ്‌ട്രോബയോളജിസ്റ്റുകളും വാദിക്കുന്നത്.
അതിനാല്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ശുക്രയാനില്‍ ലഭിച്ചാല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകും അത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുക്രനില്‍ ജലസാന്നിധ്യം ഉണ്ടായിരുന്നെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ആധികാരികമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച പഠനം ശുക്രയാനില്‍ നടന്നാല്‍ ശാസ്ത്ര ലോകത്തിന് അത് വലിയ നേട്ടമാകും.
നിലവില്‍ വാസയോഗ്യമല്ലെങ്കിലും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുക്രന്‍ വാസയോഗ്യമായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത പഠനങ്ങളുമുണ്ട്. പെട്ടെന്നുണ്ടായ വലിയ കാലാവസ്ഥാ മാറ്റമാണ് ശുക്രനെ ഇന്നുകാണുന്ന വിധത്തില്‍ ഒരു നരകതുല്യമായ ഗ്രഹമാക്കി മാറ്റിയതെന്നാണ് അനുമാനം. അതിനാല്‍ ശുക്രനിലെ കാലാവസ്ഥാ മാറ്റത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും ഭൂമിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ശുക്രനുമായി ഏറെ സാമ്യമുള്ള ഭൂമിയിലും നാളെ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പകള്‍ സാധ്യമാകുവെന്നും ഒരുപക്ഷം അഭിപ്രായപ്പെടുന്നു.
അറിയാന്‍ നിരവധി, ചുരുളഴിക്കാന്‍ ഇസ്റോ
ശുക്രനിലെത്തി കഴിയുമ്പോള്‍ ഒരു അതിദീര്‍ഘ വൃത്ത ഭ്രമണപഥം സ്വീകരിക്കുന്ന ശുക്രയാന്‍ ഗ്രഹത്തെ സമീപിക്കുമ്പോള്‍ 500 കിലോമീറ്റര്‍ ഉയരത്തിലും അകലെയായിരിക്കുമ്പോള്‍ 60,000 കിലോമീറ്റര്‍ ഉയരത്തിലുമായിരിക്കും സഞ്ചരിക്കുക. ഏകദേശം നാല് വര്‍ഷത്തോളമാണ് ശുക്രയാന്‍ ദൗത്യത്തിന്റെ കാലയളവ്. ഇതിനുള്ളില്‍ ശുക്രനെ വലംവെച്ച് ശുക്രയാന്‍ ശേഖരിക്കുന്ന സുപ്രധാന വിവരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...
ഏകദേശം 100 കിലോഗ്രാമോളം ഭാരമുള്ള പേടകമാണ് ഇസ്റോ ശുക്രന്റെ ഭ്രമണപഥത്തിലേക്കെത്തിക്കുന്നത്. ശുക്രനിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഉപരിതലത്തെക്കുറിച്ചും പഠിക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തുക. ശുക്രന്റെ ഉപരി അന്തരീക്ഷ പാളിയായ അയണോസ്പിയറില്‍ സൂര്യനില്‍ നിന്നുള്ള സൗരവാതങ്ങളുടെ പ്രഭാവം എത്രത്തോളമുണ്ടെന്ന് ശുക്രയാന്‍ പരിശോധിക്കും. ശുക്രനിലെ മേഘങ്ങള്‍ സള്‍ഫ്യൂരിക് ആഡിഡ് നിറഞ്ഞതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ പറയുന്നത്. ഇതുമൂലം ഭൂമിയുടെ അന്തരീക്ഷത്തില്‍ മഴയായി പെയ്യുന്നത് വെള്ളമാണെങ്കില്‍ ശുക്രന്റെ അന്തരീക്ഷത്തില്‍ അത് സള്‍ഫ്യൂരിക് ആസിഡാണ്. ഇത്തരം രാസപദാര്‍ഥങ്ങള്‍ ശുക്രാന്തരീക്ഷത്തില്‍ നിറയാന്‍ കാരണമെന്തെന്ന് കണ്ടെത്തുകയും ശുക്രയാന്റെ ലക്ഷ്യമാണ്.
'ഇന്‍ഫ്ളേറ്റഡ് ബലൂണ്‍' ആണ് പേടകത്തിലെ പ്രധാന ശാസ്ത്രീയ ഉപകരണം. ഇതിന്റെ നിര്‍മാണത്തിന് സഹകരിക്കുന്നത് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയാണ്. ശുക്രന് വളരെ അടുത്തെത്തുമ്പോള്‍ പ്രധാന ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെടുന്ന ഇന്‍ഫ്ലേറ്റഡ് ബലൂണ്‍ ശുക്രന്റെ ഉപരിതലത്തില്‍ നിന്ന് 55 കിലോമീറ്റര്‍ മാത്രം ഉയരത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയക്കും. ശുക്രന്റെ ഉപരിതല ഘടനയെക്കുറിച്ച് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. മേഘങ്ങളെ വകഞ്ഞുമാറ്റി ഹൈ റെസല്യൂഷന്‍ സിന്തറ്റിക് അപ്പെര്‍ച്ചര്‍ റെഡാര്‍ ഉപയോഗിച്ച് ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തും. ചന്ദ്രയാന്‍ 2ല്‍ ഉപയോഗിച്ച ഹൈ റെസല്യൂഷന്‍ റെഡാറിനെക്കാള്‍ കൂടുതല്‍ മികച്ചതും 1989ല്‍ വിക്ഷേപിച്ച നാസയുടെ മഗെല്ലനിലുള്ളതിനെക്കാള്‍ നാല് മടങ്ങ് കൂടുതല്‍ റെസല്യൂഷനുള്ളതുമായിരിക്കും ഇത്.
ഇതിനുപുറമേ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍, സ്വീഡനുമായി സഹകരിച്ച് നിര്‍മിച്ച വെനൂസിയന്‍ ന്യൂട്രെല്‍സ് അനലൈസര്‍ എന്നിവ ഉള്‍പ്പെടെ ഇരുപതോളം ശാസ്ത്രീയ ഉപകരണങ്ങളും ശുക്രയാനിലുണ്ടാകും. ഇതില്‍ ഏറെയും ഇസ്റോ നിര്‍മിച്ചവയാണെങ്കിലും മറ്റു രാജ്യങ്ങളുടെ ഉപകരണങ്ങളും ശുക്രയാന്‍ ശുക്രോപരിതലത്തില്‍ എത്തിക്കും. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്സയുടെ സാങ്കേതിക സഹായവും ദൗത്യത്തിനുണ്ട്.
ശുക്രനിലെത്തിയ മുന്‍ഗാമികള്‍, പാഠങ്ങള്‍
സോവിയറ്റ് യൂണിയന്‍, അമേരിക്ക, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയിട്ടുള്ളത്. ശുക്രയാന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇക്കൂട്ടത്തിലേക്കുള്ള അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയായി ഇസ്റോ മാറും. 1960കള്‍ മുതല്‍ നാളിതുവരെ ശുക്രനെ ലക്ഷ്യമിട്ട് 46 പര്യവേക്ഷണ ദൗത്യങ്ങള്‍ നടന്നു. ഇതില്‍ 16 എണ്ണവും പരാജയപ്പെട്ടു. ശുക്രനിലേക്ക് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയത് സോവിയറ്റ് യൂണിയനാണ്. 30 തവണ. ഇതില്‍ 14 എണ്ണവും പരാജയമായിരുന്നു. അതിനാല്‍ ശുക്രനെ കീഴടക്കുക എന്നത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കുന്ന ഒരുകാര്യമല്ലെന്ന് ചുരുക്കം.
1961ല്‍ സോവിയറ്റ് യൂണിയനാണ് ശുക്രനിലേക്ക് ആദ്യമായി പര്യവേക്ഷണ പേടകം അയച്ചത്. അത് പരാജയപ്പെട്ടു. തൊട്ടുപിന്നാലെ സോവിയറ്റ് യൂണിയന്റെ തന്നെ വെനീറ 1 പേടകം 1961 ഫെബ്രുവരി 12ന് ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിച്ചു. എന്നാല്‍ ഏഴു ദിവസത്തിനു ശേഷം ഭൂമിയില്‍ നിന്നും 20 ലക്ഷം കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ പേടകവുമായുള്ള ബന്ധം നഷ്ടമായി. തൊട്ടുപിന്നാലെ സോവിയറ്റ് യൂണിയനും അമേരിക്കയും നടത്തിയ രണ്ട് ദൗത്യങ്ങള്‍ക്കും പരാജയമായിരുന്നു ഫലം. 1962ല്‍ നാസ വിക്ഷേപിച്ച മറീനര്‍ 2 ആണ് ആദ്യമായി വിജയംകണ്ട ശുക്ര ദൗത്യം. ചൂട്ടുപൊള്ളുന്ന അന്തരീക്ഷമാണ് ശുക്രനിലെന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് നല്‍കിയത് മറീനര്‍ 2 പേടകമായിരുന്നു.
1966 മാര്‍ച്ച് 1 ന് സോവിയറ്റ് യൂണിയന്റെ വെനീറ 3 പേടകം ശുക്രനിലേക്ക് ഇടിച്ചിറക്കി. അതായിരുന്നു ശുക്രാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതും ശുക്രോപരിതലം സ്പര്‍ശിച്ചതുമായ ആദ്യത്തെ മനുഷ്യനിര്‍മ്മിതവസ്തു. എന്നാല്‍ ഗ്രഹത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നതിനു മുമ്പ അതിലെ ആശയവിനിമയ സംവിധാനം തകരാറിലായി. 1989ല്‍ വിക്ഷേപിച്ച നാസയുടെ മഗെല്ലന്‍ പേടകമാണ് ശുക്രന്റെ വ്യക്തമായ ചിത്രങ്ങള്‍ ശാസ്ത്ര ലോകത്തിന് നല്‍കിയത്. ശുക്രനിലെ പര്‍വതങ്ങളുടെയും അഗ്‌നിപര്‍വതങ്ങളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞതും മഗെല്ലനാണ്. തുടര്‍ന്ന് നാസ വിക്ഷേപിച്ച ഗലീലിയോ, കസീനി, മെസഞ്ചര്‍ എന്നീ മൂന്ന് ശുക്ര ദൗത്യവും സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചു. അതുവരെ അമേരിക്കയും പഴയ സോവിയറ്റ് യൂണിയനും മാത്രം കൈയടക്കിയിരുന്ന ശുക്ര പര്യവേക്ഷണ രംഗത്തേക്ക് 2005ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2010ല്‍ ജപ്പാനും കടന്നുവന്നു. നാസ ഇതുവരെ പതിനൊന്ന് തവണ ശുക്രനിലേക്ക് യാത്ര നടത്തിയപ്പോള്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ജപ്പാനും മൂന്ന് തവണ വീതവും ശുക്രനിലേക്ക് പേടകങ്ങള്‍ വിക്ഷേപിച്ചു.
2020ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച സോളാര്‍ ഓര്‍ബിറ്റര്‍ ദൗത്യമാണ് ഏറ്റവും ഒടുവില്‍ ശുക്രനിലേക്ക് വിക്ഷേപിച്ച പര്യവേക്ഷണ വാഹനം. 2031ല്‍ നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും റോസ്‌കോസ്മോസും ശുക്രനിലേക്ക് യാത്ര നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. നാസയുടെ വെരിടാസും ഡാവിഞ്ചിയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ എന്‍വിഷനും റോസ്‌കോസ്മോസിന്റെ വെനീറ-ഡി പേടകങ്ങളുമാണ് ശുക്രനെ ലക്ഷ്യമിട്ട് കുതിക്കുക. അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ചൈനയും ശുക്രനിലേക്ക് പേടകം വിക്ഷേപിച്ചേക്കും. ഇതിന് പിന്നാലെ ശുക്രയാന്‍ വണ്‍ ദൗത്യത്തിലൂടെ നമ്മുടെ ത്രിവര്‍ണവും ശുക്രനിലേക്കെത്തും.
കടപ്പാട്: മാതൃഭൂമി ഒണ്‍ലൈന്‍