വളർത്തുനായയെ ‘പട്ടി’ എന്നു വിളിച്ചു; അയൽക്കാരനെ കുത്തിക്കൊന്നു: വീട്ടമ്മയും മക്കളും അറസ്റ്റില്‍
ചെന്നൈ ∙ വളർത്തു നായയെ പേര് വിളിക്കാതെ, ‘പട്ടി’ എന്നു വിളിച്ചെന്നാരോപിച്ച് 62 വയസ്സുകാരനെ അയൽക്കാർ കുത്തിക്കൊന്നു. തമിഴ്നാട് ഡിണ്ടിഗലിൽ ഉലഗംപട്ടിയാർകോട്ടം സ്വദേശി രായപ്പൻ കൊല്ലപ്പെട്ട കേസിൽ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവർ അറസ്റ്റിലായി.
നിർമല ഫാത്തിമയുടെ വളർത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരിൽ ഇരു കൂട്ടരും വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പൻ, പട്ടി ആക്രമിക്കാൻ വന്നാൽ അടിക്കാൻ കയ്യിൽ വടി എടുക്കണമെന്നു പേരക്കുട്ടി കെൽവിനോടു പറഞ്ഞതു കേട്ട് നിർമലയുടെ മക്കൾ രോഷാകുലരായി ആക്രമിക്കുകയായിരുന്നു.