രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമം, യുവാവിന് ദാരുണാന്ത്യം
ചെന്നൈ∙ രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് മൂന്നാംനിലയിലെ വീട്ടിലേക്കു കയറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ആണ് മരിച്ചത്. പൈപ്പ്‌ലൈൻ വഴി കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
തിരുപ്പത്തൂരിൽ ഞായർ രാത്രിയിലാണ് സംഭവം. മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവാണ് തെന്നരസ്. ബന്ധുവീട്ടിൽ നിന്ന് രാത്രി 11 ഓടെയാണ് സ്വന്തം വീട്ടിലെത്തിയത്. കോളിങ് ബെൽ തകരാറിലായതുകൊണ്ട് കതക് തുറക്കാനായി ഭാര്യ പുനിതയെ (26) പലതവണ ഫോണിൽ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ അവർ എടുത്തില്ല.
തുടർന്ന് മൂന്നാംനിലയിലെ വീട്ടിലേക്ക് പൈപ് ലൈൻ വഴി പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ പുനിത കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന തെന്നരസിനെയാണ്. ഉടൻ തന്നെ തിരുപ്പത്തൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
അതേസമയം തെന്നരസിന്റേത് കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. പുനിതയ്ക്കും തെന്നരസിന്റെ രണ്ട് സുഹൃത്തുക്കൾക്കുമെതിരെയാണ് ആരോപണം.
50 ഓളം ബന്ധുക്കള്‍ പൊലീസ് സ്റ്റേഷൻ റോഡിൽ പ്രതിഷേധിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ പരാതി സ്വീകരിക്കൂ എന്ന നിലപാടിലാണ് പൊലീസ്. തെന്നരസിനും പുനിതയ്ക്കും ഒന്നര വയസുള്ള കുഞ്ഞുണ്ട്.