മഴു ഓങ്ങി നിൽക്കുന്നുണ്ട്, താഴെ ചെന്ന് തലതാഴ്ത്തി നിൽക്കരുത്; മുജാഹിദ് വേദിയിൽ പിണറായി വിജയൻ
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിൽ ലീഗ് നേതാക്കൾക്കു മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് വേദിയിലല്ല സിപിഎമ്മിനെ വിമർശിക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാൻ ലൈസൻസുള്ള ചിലരാണ് വിമർശിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രി ലീഗ് നേതാക്കളെ വിമർശിച്ചത്. കഴിഞ്ഞ ദിവസം പി.കെ.ബഷീർ, പി.കെ.ഫിറോസ് എന്നിവർ മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചിരുന്നു.
34 വർഷം ഭരിച്ച പടിഞ്ഞാറൻ ബംഗാളിലെ അനുഭവം ഓർമയുണ്ടെന്നു പ്രസംഗത്തിൽ പറയുന്നതുകേട്ടുവെന്ന് പിണറായി പറഞ്ഞു. ബംഗാളിൽ തന്റെ പ്രസ്ഥാനം എങ്ങനെ കാര്യങ്ങൾ നോക്കിക്കാണുന്നുണ്ടെന്ന് ഓർമയുണ്ട്. ചില നേതാക്കളുടെ പ്രസ്താവനകളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. മതതീവ്രവാദ ശക്തികളെ എതിർക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ സിപിഎമ്മിനെയാണോ എതിർക്കേണ്ടത്? സിപിഎം നിലപാട് ആർക്ക് അനുകൂലമാണെന്ന് എല്ലാവർക്കുമറിയാം. വർഗീയതയോടെ സിപിഎമ്മിന്റെ സമീപനം എന്താണെന്ന് എല്ലാവർക്കുമറിയാമെന്നും അതു മറച്ചുവയ്ക്കരുതെന്നും പിണറായി പറഞ്ഞു.
തങ്ങളെല്ലാവരും രണ്ടു ചേരികളിലായിരിക്കാം. ആർഎസ്എസ് സംഘപരിവാർ ആശയങ്ങളെ ഭരണതലത്തിൽ നടപ്പാക്കുമ്പോൾ കേരളം വേറിട്ടുനിൽക്കുകയും ഒന്നിച്ച് എതിർക്കുകയുമാണ്. നമ്മൾ എന്നു പറയുന്ന ഒരു വിഭാഗത്തിനുമാത്രം ഒറ്റയ്ക്കു നേരിടാൻ കഴിയില്ല. സ്വയം കുഴിയിൽ വീഴരുത്. ഓങ്ങിവരുന്ന മഴുവിനു താഴെപ്പോയി കഴുത്തു കാണിക്കരുതെന്നും പിണറായി പറഞ്ഞു.
ചെറിയൊരു മതന്യൂനപക്ഷ വിഭാഗം മാത്രം അതിനെ എതിരിടാൻ ഒരുങ്ങുന്നത് ആത്മഹത്യാപരമാണ്. താനും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവർക്കു നേരിയ ഭിന്നതകളൊക്കെ ഉണ്ടാവും. എന്നാൽ ഇത്തരമൊരു ഭീഷണി നേരിടാൻ നേരിയ ഭിന്നതകളൊക്കെ മാറ്റിവച്ച് അണിനിരക്കാൻ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു.
എന്നാൽ മതനിരപേക്ഷ കക്ഷിയാണെന്ന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് കിട്ടിയ സ്ഥിതിക്ക് മറ്റെന്താണുവേണ്ടതെന്നു തുടർന്നുപ്രസംഗിച്ച പി.വി.അബ്ദുൽ വഹാബ് എംപി പറഞ്ഞു. നിർഭയത്വമാണ് ‘ഈമാൻ’ എന്നും വഹാബ് പറഞ്ഞു.