Featured Posts

Breaking News

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ...


തിരുവനന്തപുരം:  ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പിന്റെ പുതിയ വഴിയിൽ ഗൂഗിൾ പേയും. ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ പരസ്യം കൊടുത്ത പട്ടം സ്വദേശിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. പരസ്യത്തിന് പ്രതികരിച്ചയാൾ പരിചയപ്പെടുത്തിയത് ആർമി ഓഫിസറെന്നാണ്.

അഡ്വാൻസ് നൽകാൻ ഗൂഗിൾ പേ നമ്പർ ചോദിച്ചു. പണമിടാൻ നോക്കിയപ്പോൾ താങ്കളുടെ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും നിർദേശിച്ചു. 50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാൻ അടുത്ത നിർദേശം. ഗൂഗിൾ പേയിൽ 50,000 രൂപയുടെ ഒരു റിക്വസ്റ്റ് വന്നിട്ടുണ്ടായിരുന്നു.

അതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പിൻ നമ്പർ അടിക്കാൻ പറഞ്ഞു. പിൻ നമ്പർ അടിച്ചതോടെ 50,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. അതു പറഞ്ഞപ്പോൾ ഒരു തവണ കൂടി 50,000 രൂപ ഇട്ടാൽ ഒരു ലക്ഷമായി തിരിച്ചുതരാമെന്നായി. അപ്പോൾ മാത്രമാണ് തട്ടിപ്പ് മണത്തത്. ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോൾ ഇത്തരത്തിൽ പട്ടാള ഓഫിസർമാരുടെ പേരിൽ തട്ടിപ്പ് കഴിഞ്ഞയാഴ്ച തന്നെ 10 കേസെങ്കിലും ആ ബാങ്കിലെത്തിയിട്ടുണ്ട്. 

സൈബർ സെല്ലിൽ പരാതി കൊടുത്തെങ്കിലും പോയ പണം പോയി എന്നായിരുന്നു മറുപടി. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം പോയത്. ഇത് അപ്പോൾ തന്നെ പിൻവലിച്ചിട്ടുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും വരെ ഇത്തരത്തിൽ ഗൂഗിൾ പേ തട്ടിപ്പിനിരയായതായി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

തൊഴിലന്വേഷകരും കുടുങ്ങി

ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ഓൺലൈൻ ഇന്റർവ്യു സമയം പറഞ്ഞ് മെയിൽ വരും. വിഡിയോ കോൾ വഴി ഇന്റർവ്യു തുടങ്ങി അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം വാങ്ങും ചില സാധനങ്ങൾ വിലകുറച്ച് ഓഫറുമായി സാമൂഹിക മാധ്യമങ്ങളിൽ പരസ്യം കാണിക്കുകയും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിക്കുകയും ചെയ്യും.ഇതിൽ ക്ലിക്ക് ചെയ്താലുടൻ നേരത്തെ കാർഡ് ഉപയോഗിച്ച് സാധനം വാങ്ങിയ വിശദാംശങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും.

സ്ഥിരമായി ഓൺലൈൻ ട്രാൻസാക‌്‌ഷൻ നടത്തുന്ന ഫോൺ നമ്പരിലേക്ക് വരുന്ന ഏതൊരു ലിങ്കും ശ്രദ്ധിക്കണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്മളുടെ ഫോൺ തന്നെ അതുപോലെ മറ്റൊരാൾക്ക് കാണാൻ കഴിയുന്ന ആപ്പിലേക്കാണ് എത്തിപ്പെടുകപിന്നീട് നമുക്ക് വരുന്ന ബാങ്ക് അക്കൗണ്ടും ഒടിപികൾ പോലും അവർക്ക് കാണാനാകും.യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ചില സൈറ്റുകളിൽ നിന്നു വിശദാംശങ്ങൾ ശേഖരിച്ച് പണം തട്ടിയെടുക്കുന്ന പരാതികളും പതിവാണ്.

കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നംഗ മലയാളി സംഘത്തിന്റെ പ്രധാന ജോലി ഓരോ മാസവും ഓരോ വീട് വാടകയ്ക്കെടുത്ത് ഓൺലൈൻ തട്ടിപ്പുകളായിരുന്നു. ഇതിൽ കുടുങ്ങിയതിലൊന്നു കൊല്ലം സ്വദേശിയാണ് . നഷ്ടപ്പെട്ടത് 40 ലക്ഷം രൂപയും.

No comments