ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടം മൂന്നരലക്ഷം രൂപ; പാലക്കാട് സ്വദേശി ജീവനൊടുക്കി
പാലക്കാട്: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തൃശ്ശൂരിലെ കോളേജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു ഗിരീഷ്. ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നും സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നതായുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.