തുര്‍ക്കി സിറിയ ഭൂചലനം: മരണം 9000 കടന്നു, തിരച്ചില്‍ ഊര്‍ജിതം
ഇസ്താന്‍ബൂള്‍: അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 9000 കടന്നു. കൂമ്പാരമായിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. തുര്‍ക്കിയില്‍ 5,894ഉം സിറിയയില്‍ 1,932ഉം മരണമാണ് സ്ഥിരീകരിച്ചത്. സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അലെപ്പോ, ലതാകിയ, ഹമ, ഇദ്‌ലിബ്, തര്‍തൂസ് പ്രവിശ്യകളില്‍ 812 പേര്‍ മരിക്കുകയും 1,449 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിമത മേഖലയില്‍ 1,120 പേര്‍ മരിക്കുകയും 2500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തുര്‍ക്കിയില്‍ 15,384 പേര്‍ക്ക് പരുക്കേറ്റു. 6,217 കെട്ടിടങ്ങളാണ് തകര്‍ന്നത്. രണ്ട് ഭൂചലനങ്ങളെ തുടര്‍ന്ന് 243 തുടര്‍കമ്പനങ്ങളാണുണ്ടായത്. ഇന്നലെ രാത്രിയും ശക്തമായ മഞ്ഞുവീഴ്ചയാണ് തുര്‍ക്കിയിലെ ദുരന്തമേഖലയിലുണ്ടായത്. മരവിപ്പിക്കുന്ന തണുപ്പിലും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ഇസ്‌കെന്ദെരുന്‍ തുറമുഖത്തുണ്ടായ അഗ്നിബാധ അണച്ചിട്ടുണ്ട്. നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ക്ക് തീപിടിച്ചിരുന്നു. തുര്‍ക്കിയിലെ ഗാസിയാന്‍തേപിലാണ് തിങ്കളാഴ്ച ഇരട്ട ഭൂചലനങ്ങളുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് മണിക്കൂറുകള്‍ക്കകം 7.5 തീവ്രതയില്‍ മറ്റൊരു ചലനവുമുണ്ടായി.