Breaking News

ധീരയായ പെൺകുട്ടി, നിന്നോട് ആരാധന മാത്രം -ഭൂകമ്പത്തിൽ നിന്ന് അനിയനെ രക്ഷിച്ച ഏഴുവയസുകാരിയോട് ടെഡ്രോസ് അദാനോം


ന്യൂയോർക്: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം 15,000ത്തിലേറെ ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഭൂകമ്പമുണ്ടായി മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടത്തിന്റെ അവശിഷ്കങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരിച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം വളരെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെൺകുട്ടി, തകർന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്‍റെ തലയിൽ വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്. 17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇപ്പോൾ ആ പെൺകുട്ടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്.

ഐക്യരാഷ്ട്ര സഭ പ്രതിനിധി മുഹമ്മദ് സഫയും വിഡിയോ പങ്കുവെച്ചു. ''17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാൻ അനുജന്റെ തലയിൽ കൈവച്ചുകിടക്കുന്ന ഏഴു വയസ്സുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവൾ മരിച്ചാൽ ചിലപ്പോൾ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക​​''–ഐക്യരാഷ്ട്ര സഭ പ്രതിനിധി മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.

No comments