Featured Posts

Breaking News

ചൈനീസ് ചാരബലൂൺ ഇന്ത്യയെ ലക്ഷ്യമിട്ടു; സൈനിക വിവരങ്ങൾ ചോർത്തി


വാഷിങ്ടൻ: ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ പ്രവർത്തിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെയാണു വെളിപ്പെടുത്തൽ.

ചൈനയുടെ തെക്കൻ തീരത്ത് ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂൺ പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തയ്‌‍‌വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനയ്ക്കു തന്ത്രപ്രധാന താൽപര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂൺ വഴി ശേഖരിക്കുകയാണ്. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണ്’’– ദ് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചൈനീസ് ബലൂൺ വെടിവച്ചിട്ടതിനെപ്പറ്റി നാൽപതോളം എംബസികളിലെ ഉദ്യോഗസ്ഥരോടു സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ വിശദീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ബലൂണുകൾ കൈകാര്യം ചെയ്യുന്നത്. അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ചൈനീസ് ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

No comments