പെൺകൂട്ടർ മട്ടൻ വിഭവം വിളമ്പിയില്ല; നിശ്ചയത്തിനു പിന്നാലെ വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം
ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് മട്ടൻ വിഭവം ഉൾപ്പെടുത്താത്തതിന് തുടർന്ന് വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചത്. നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാൽ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം നവംബറിലായിരുന്നു. വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം.
വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ ക്ഷണിക്കപ്പെട്ട അതിഥികൾക്കും വരന്റെ ബന്ധുക്കൾക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാൽ മട്ടൻ വിഭവമായ ആട്ടിൻകാൽ ഞെല്ലി (ആടിന്റെ മജ്ജകൊണ്ടുണ്ടാക്കുന്ന വിഭവം) വിളമ്പിയില്ലെന്ന് ആരോപിച്ച് വരന്റെ കുടുംബം പ്രശ്നമുണ്ടാക്കി. മട്ടൻ വിഭവം വിരുന്നിൽ ഉൾപ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. തുടർന്ന് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന കാര്യത്തിൽ വരന്റെ വീട്ടുകാർ ഉറച്ചുനിന്നു. തങ്ങൾ ആവശ്യപ്പെട്ടിട്ടും മട്ടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് വരന്റെ കുടുംബം പറഞ്ഞു. തുടർന്ന് വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.