ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം പോയി; നഷ്ടം നികത്താൻ വയോധികയുടെ മാല കവർന്ന യുവാവ് പിടിയില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം നികത്താന്‍ വയോധികയുടെ മാല കവർന്ന യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നായിരുന്നു സംഭവം. 80കാരിയുടെ കഴുത്തിൽ കത്തിവെച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു.
സി.സി.ടി.വി തെളിവുകളുടെയും സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. മുമ്പ് സ്വന്തം വീട്ടില്‍നിന്ന് 35,000 രൂപ മോഷ്ടിച്ച അമൽ ഇതും റമ്മി കളിക്കാനാണ് ഉപയോഗിച്ചത്. സ്ത്രീകള്‍ ഒറ്റക്ക് നടത്തുന്ന കടകളിലും മോഷണം നടത്താൻ ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചത്.