Featured Posts

Breaking News

26 സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യോഗാ ഗുരു ഒടുവില്‍ അറസ്റ്റില്‍...


2023 നവംബർ 28ന് പുലർച്ചെയാണ് റുമേനിയൻ യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെയും അദ്ദേഹത്തിന്റെ 40 അനുയായികളെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, സംഘടിത തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. മിസ (മൂവ്‌മെന്റ് ഫോർ സ്പിരിച്വൽ ഇന്റഗ്രേഷൻ ഇൻ ദി അബ്‌സലൂട്ട്) എന്ന പേരിലുള്ള യോഗ സ്‌കൂളിന്റെ സ്ഥാപകനായ ബിവോലാരു നിരവധി സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. ഇന്റര്‍പോൾ അടക്കമുള്ള അന്വേഷണ ഏജൻസികളും വിവിധ രാജ്യങ്ങളിലെ പൊലീസും മനുഷ്യാവകാശ സംഘടനകളും വർഷങ്ങളായി ഈ യോഗാ ഗുരുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. അവസാനം എഴുപത്തിയൊന്നുകാരനായ യോഗാ ഗുരുവിനെയും 40 അനുയായികളെയും അറസ്റ്റ് ചെയ്തതോടെ ഇന്റർപോളിന്റെ ആറു വർഷത്തെ അന്വേഷണത്തിനും പരിസമാപ്തിയായി.

മിസ യോഗ സ്കൂളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ നേരത്തേതന്നെ തിരിച്ചറിഞ്ഞ ഫ്രഞ്ച് പൊലീസ് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയത്. എല്ലാ തെളിവുകളും കൃത്യമായി ശേഖരിച്ചാണ് യോഗാ ഗുരുവിനെ പിടികൂടിയതെന്നു ചുരുക്കം. ആത്മീയ (തന്ത്ര യോഗ) വിഷയങ്ങൾ മുതലെടുത്താണ് സ്ത്രീ അനുയായികളെ ബിവോലാരു നിയന്ത്രിക്കുകയും അവരെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നത്. അനുയായികളെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനും വിദേശത്തു നിന്നെത്തിയവർ ആശ്രമം വിട്ടുപോകാതിരിക്കാൻ പാസ്‌പോർട്ട് പിടിച്ചുവച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

175 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ ഓപറേഷനിലൂടെയാണ് ലൈംഗിക ചൂഷണത്തിൽ കുടുങ്ങിയ 26 സ്ത്രീകളെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി രക്ഷിച്ചത്. ഇവരിൽ ചിലരെ മാസങ്ങളായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. സ്‌ത്രീകളെ ഇടുങ്ങിയതും വൃത്തിഹീനവുമായ കേന്ദ്രങ്ങളിലാണ്‌ പാർപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാരിസ്, സെയ്ൻ-എറ്റ്-മാർനെ, വാൽ-ഡി-മാർനെ, ആൽപ്സ്-മാരിടൈംസ് എന്നിവിടങ്ങളിലാണ് അനധികൃതമായി സ്ത്രീകളെ താമസിപ്പിച്ച് ചൂഷണം നടത്തിയിരുന്നത്.

രാജ്യാന്തര യോഗ ഫെഡറേഷനിൽ നിരവധി പരാതികള്‍ വന്നതോടെയാണ് കാര്യമായ അന്വേഷണം തുടങ്ങിയത്. രാജ്യാന്തര യോഗ ഫെഡറേഷനുകളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തന്ത്ര യോഗ മറയാക്കി ഇയാൾ കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ സംഘത്തിലെ മുൻ അംഗങ്ങൾ ആശ്രമങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അധികൃതരോട് വെളിപ്പെടുത്തിയതോടെയാണ് അധികൃതരും നിരീക്ഷിക്കാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ തലങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതോടെ രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളും യോഗാ ഗുരുവിനെ അറസ്റ്റ് ചെയ്യാൻ നോട്ടിസ് നൽകിയിരുന്നു.

യോഗ കേന്ദ്രത്തിൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അശ്ലീല പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ആളുകൾ നിർബന്ധിതരാക്കപ്പെട്ടിരുന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റപത്രത്തിലുള്ളത്. ഇതുതന്നെയാണ് ഇയാളെ കുരുക്കാൻ പൊലീസിന് തുണയായതും. സ്ത്രീകളെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിനും നിർബന്ധിക്കുന്നതിനും സംഘം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഒന്നിലധികം സ്ഥലങ്ങൾ പിന്തുടർന്നായിരുന്നു പൊലീസ് ഓപറേഷൻ. ഈ സ്ഥലങ്ങൾ ‘ആശ്രമങ്ങൾ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ലൈംഗികത ഉള്‍പ്പെടുത്തിയുള്ള യോഗയിലേക്കായി ബിവോലാരു തന്നെ സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ താവളങ്ങളിൽ താമസിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.

റുമേനിയൻ യോഗാ ഗുരു എന്ന ഗ്രിഗോറിയൻ ബിവോലാരു എന്നും വിവാദ നായകനാണ്. ബിവോലാരുവിന് റുമേനിയ കൂടാതെ സ്വീഡനിലും പൗരത്വമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ റുമേനിയയിൽ ഹാജരാകാതിരുന്നതിന് 2013ൽ ശിക്ഷിക്കപ്പെട്ടു, ഇതേ കുറ്റത്തിന് ഫ്രാൻസിൽ മൂന്ന് വർഷം തടവും അനുഭവിച്ചു. നിരവധി മുൻ അനുയായികൾ ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികളെ ആകർഷിച്ച മിസ യോഗ സ്കൂളിന് കനത്ത പ്രഹരമാണ് ബിവോലാരുവിന്റെയും അനുയായികളുടെയും അറസ്റ്റുകൾ.

ലൈംഗികത ഉൾപ്പെടുന്ന യോഗയുടെയും (തന്ത്ര യോഗ) നിഗൂഢ ആത്മീയതയുടെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മിസ സ്‌കൂളിലെ പഠനം. മിസയ്ക്ക് കീഴിൽ ഏകദേശം 30 രാജ്യങ്ങളിലായി വിവിധ പേരുകളിൽ സ്കൂളുകൾ സ്ഥാപിച്ചിരുന്നു ബിവോലാരു. അമേരിക്കയിലും ബ്രിട്ടനിലും താര, ഡെന്മാർക്കിലും പോർച്ചുഗലിലും നാഥ എന്നീ പേരുകളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലുമുണ്ടായിരുന്നു ഇയാൾക്ക് കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇതിൽ ചിലതൊക്കെ പൂട്ടുകയും ചെയ്തു.

നിരവധി നിയമപരമായ വിവാദങ്ങളാൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ് ബിവോലാരുവിന്റെ ജീവിതം. 2004 ൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിൽ ശിക്ഷാ നടപടി ഒഴിവാക്കാൻ റുമേനിയയിൽ നിന്ന് പലായനം ചെയ്തു. സ്വീഡനിൽ രാഷ്ട്രീയ അഭയാർഥി പദവി നേടിയ അദ്ദേഹം റുമേനിയയിലെ നിയമ നടപടികൾ വൈകിപ്പിച്ചു. എന്നാൽ, 2013 ൽ കേസിൽ ഹാജരാകാത്ത കുറ്റം ചുമത്തി ആറു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2010 ൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റത്തിനു ബിവോലാരു ഫ്രാൻസിലും അറസ്റ്റിലായിരുന്നു. ഈ കേസിൽ റുമേനിയയിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും നടപടിക്രമങ്ങളിലെ അപാകതകൾ കാരണം അപ്പീലിൽ കുറ്റവിമുക്തനാക്കപ്പെട്ടു.

No comments