Featured Posts

Breaking News

95% ED കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെ; ആരോപണം തെളിയിച്ച് കണക്കുകൾ...


ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌(ഇ.ഡി.) അറസ്റ്റ് ചെയ്തതോടെ ബി.ജെ.പി. സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം വീണ്ടും ചർച്ചയാകുകയാണ്.

കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയ 2014 മുതല്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെയാണെന്ന കണക്കുകൾ ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ്. ദേശീയ പാര്‍ട്ടികള്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കുമെതിരെയാണ് ഇ.ഡിയുടെ സിംഹഭാഗം കേസുകളുമെന്ന് പരിശോധനയിൽ വ്യക്തമാകും.

അതേസമയം, ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇ.ഡി. കേസുകള്‍ പാതിവഴി നിലച്ചതിന്റേയും വേഗം കുറഞ്ഞതിന്റേയും ഉദാഹരണങ്ങളും നിരവധിയുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച 'വാഷിങ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതലുള്ള ഇ.ഡി. കേസുകളെ കുറിച്ചുള്ള ചില വസ്തുതകൾ, ഓരോ പാർട്ടിയിലേയും എത്ര നേതാക്കൾക്കെതിരെ കേസെടുത്തു, പ്രധാന കേസുകൾ, അതിൽ ഉൾപ്പെട്ട നേതാക്കൾ, ബി.ജെ.പിയ്ക്കൊപ്പം പോയതിനാൽ ഇല്ലാതായതോ വേഗം കുറഞ്ഞതോ ആയ കേസുകൾ എന്നിവ പരിശോധിക്കാം.

ഇ.ഡി. ഫാക്റ്റ്സ്
  • 2014 മുതല്‍ 2022 വരെ ഇ.ഡി. അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കള്‍
  • ഇതില്‍ 115 പേര്‍ അതായത് 95 ശതമാനം പേര്‍ പ്രതിപക്ഷപാര്‍ട്ടികളില്‍ ഉള്ളവരാണ്
  • ഇവരെല്ലാവരും കേസ്, റെയ്ഡ്, ചോദ്യം ചെയ്യല്‍ അല്ലെങ്കില്‍ അറസ്റ്റ് എന്നീ നടപടികള്‍ക്ക് വിധേയരായി
  • യു.പി.എ. ഭരിച്ച 2004-2014 കാലത്ത് ഇ.ഡി. കേസെടുത്തത് 26 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ
  • ഇവരില്‍ 14 പേര്‍ അഥവാ 54 ശതമാനം മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍


പാര്‍ട്ടി തിരിച്ചുള്ള കേസുകളുടെ എണ്ണം (2014-2022 കാലയളവിലേത്)

  • കോണ്‍ഗ്രസ് - 24
  • തൃണമൂല്‍ കോണ്‍ഗ്രസ് - 19
  • എന്‍.സി.പി. - 11
  • ശിവസേന - 8
  • ഡി.എം.കെ. - 6
  • ബി.ജെ.ഡി. - 6
  • ആര്‍.ജെ.ഡി. -5
  • ബി.എസ്.പി. - 5
  • എസ്.പി. - 5
  • ടി.ഡി.പി. - 5
  • എ.എ.പി. - 3
  • ഐ.എന്‍.എല്‍.ഡി. - 3
  • വൈ.എസ്.ആര്‍.സി.പി. - 3
  • സി.പി.എം. - 2
  • എന്‍.സി. - 2
  • പി.ഡി.പി. - 2
  • എ.ഐ.എ.ഡി.എം.കെ. - 1
  • മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന -1
  • സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി - 1
  • ബി.ആര്‍.എസ്. - 1

No comments