ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാമെന്ന സമസ്ത പ്രസ്താവന ലീഗിന് തിരച്ചടിയാകുമോ?
നാസര്‍ ഫൈസി കൂടത്തായിയുടെ ലീഗ് അനുകൂല പ്രസ്താവനയും സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളുടെ ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാമെന്ന പ്രസ്താവനയും ലീഗണികളുലും സമസ്ത അണികളിലും ചൂടുള്ള ചര്‍ച്ചക്ക് ഇടം നല്‍കി.
കാന്തപുരം എത് വിഷയത്തിലാണോ ലീഗിന് വോട്ട് നല്‍കാത്തത് അതേ നിലപാടിലാണ് സമസ്തയിലെ ഒരു വിഭാഗം ലീഗില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രമിക്കുന്നത്.
1977 മുതല്‍, കഴിഞ്ഞ 47 വര്‍ഷമായി മുസ്ലിം ലീഗിനെ മാത്രം പിന്തുണക്കുന്ന മണ്ഡലമാണ് പൊന്നാനിയെങ്കിലും പതിവില്ലാത്ത ഒരു പ്രശ്നം ലീഗിനെ ഇത്തവണ കുഴയ്ക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സമുദായ സംഘടനയായ സമസ്തയും മുസ്ലിം ലീഗ് നേതൃത്വവും തമ്മിലുണ്ടായ ഉരസലുകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതാണത്. ലീഗ്- സമസ്ത വിള്ളലിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍, മുന്‍ ലീഗ് നേതാവിനെ തന്നെ ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുമ്പോള്‍ മുസ്ലിം ലീഗിന് അത് തിരിച്ചടിയാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
കേരളത്തിലെ പരമ്പരാഗത മുസ്ലിം വോട്ടുബാങ്കിനെ ലീഗുമായി കണ്ണിചേര്‍ത്തിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സമസ്തയും ലീഗും പരസ്പരം ചേര്‍ന്നുകൊണ്ടുള്ള രാഷ്ട്രീയ ഫോര്‍മുലയായിരുന്നു. ഇതില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ലീഗ് നേതൃത്വം സമസ്തയുമായി ഇടയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ശ്രമം സമസ്ത നടത്തിയേക്കാം. 'ഞങ്ങളുമായി ഇടഞ്ഞുനിന്നാല്‍ നഷ്ടം നിങ്ങള്‍ക്കാണ്' എന്ന് ലീഗിനെ ബോധ്യപ്പെടുത്താന്‍ സമസ്ത കരുതുകയാണെങ്കില്‍ അത് പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും സാധ്യതയുള്ള ഇടം പൊന്നാനിയാണ്. ഇടതുപക്ഷത്തേക്ക് വോട്ടുചേര്‍ത്തി ലീഗിന് ഒരു താക്കീത് നല്‍കാന്‍ സമസ്ത തുനിയുമോ എന്ന സംശയം രാഷ്ട്രീയനിരീക്ഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സംഘടനാപരമായി സമസ്ത അത്തരമൊരു നീക്കത്തിന് തുനിഞ്ഞില്ലെങ്കിലും സമസ്തയിലെ ഒരുവിഭാഗം അത്തരം നീക്കത്തിന് മുന്‍എടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.
ഒരുപക്ഷേ, സമസ്തയുടെ ഈ നീക്കത്തെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ കൂടി വേണ്ടിയായിരിക്കാം നിലവില്‍ പൊന്നാനി എംപിയായ ഇടി മുഹമ്മദ് ബഷീറിനെ മാറ്റി, സമസ്തയ്ക്ക് അനഭിമതനല്ലാത്ത മലപ്പുറം എംപി സമദാനിയെ പൊന്നാനിയിലിറക്കാന്‍ ലീഗ് തീരുമാനിച്ചത്. എന്തു തന്നെയായാലും ഒരിക്കലും ഇളകാത്ത ലീഗിന്റെ കോട്ട എന്ന പൊന്നാനിയുടെ വിശേഷണം ഇത്തവണ കാത്തുസൂക്ഷിക്കുക എന്നത് ലീഗിനെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്.
നിലവില്‍ ലീഗ് കോട്ടയായാണ് പൊന്നാനി വിലയിരുത്തപ്പെടുന്നതെങ്കിലും ചരിത്രം പൂര്‍ണമായും അങ്ങനെയല്ല. കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ 3 തിരഞ്ഞെടുപ്പുകളിലും പൊന്നാനിയില്‍ വിജയിച്ചത് ഇടതുപക്ഷമാണ്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പോലുള്ള നേതാക്കള്‍ പൊന്നാനിയുടെ ഇടത് എംപിമാരായിരുന്നു. 1977ല്‍ ആണ് പൊന്നാനി ലീഗ് പിടിച്ചെടുക്കുന്നത്. പിന്നീടൊരിക്കലും അത് തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനായില്ല. 2004 ല്‍ ഇരുപതില്‍ പതിനെട്ട് സീറ്റും നേടി കേരളമാകെ ഇടതുപക്ഷം വലിയ വിജയം നേടിയപ്പോഴും ഉലയാതെ ലീഗിനൊപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. എല്ലാ കാലത്തും മുസ്ലിം ലീഗിന്റെ ദേശീയ മുഖങ്ങളായ നേതാക്കള്‍ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് പൊന്നാനി. മലയാളികളല്ലാതിരുന്ന ജിഎം ബനാത്ത്വാലയെ ഏഴ് തവണയും ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ഒരു തവണയും പൊന്നാനി പാര്‍ലമെന്റിലേക്കയച്ചു. പിന്നീട് പൊന്നാനിയെ പ്രതിനിധീകരിച്ച ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും കേരളത്തില്‍ നിന്നുള്ള ലീഗിന്റെ അഖിലേന്ത്യാ നേതാക്കള്‍ തന്നെയായിരുന്നു.
ലീഗിന് വലിയ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന പൊന്നാനി മണ്ഡലത്തില്‍ ഇത്തവണയും പതിവ് നേട്ടം കാത്തുസൂക്ഷിക്കാന്‍ സമസ്ത നേതൃത്വം കൂടി കനിയണം എന്ന സ്ഥിതിയിലാണ് ലീഗിന്റെ വര്‍ത്തമാന സാഹചര്യങ്ങള്‍!
പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏഴ് അസംബ്ലി സീറ്റില്‍ നാലിടത്തും എല്‍ഡിഎഫാണെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇകെ വിഭാഗം സുന്നികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. സമസ്തയുടെ പ്രഹരം ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. ഇടഞ്ഞാല്‍ ലീഗിനാണ് നഷ്ടമെന്ന് ബോധ്യപ്പെടുത്താന്‍ സമസ്ത ശ്രമിച്ചാല്‍ വോട്ടുചോരാം. സംഘടനാപരമായി സമസ്ത ഇതിനു തുനിയില്ല. അതേസമയം സമസ്തയുടെ പണ്ഡിതരെ അപമാനിച്ചവര്‍ക്ക് മറുപടി നല്‍കേണ്ടത് അഭിമാന പ്രശ്നമാണെന്നും ഇല്ലെങ്കില്‍ ലീഗിനു കൂടുതല്‍ വിധേയപ്പെടേണ്ടി വരുമെന്നും കാട്ടി ലീഗ് വിരുദ്ധര്‍ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുമുണ്ട്.
ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയും ഇക്കൂട്ടര്‍ കൂട്ടുപിടിക്കുന്നുണ്ട്. പ്രതിഷേധമായി വോട്ടു ചെയ്യാതെ മറിനില്‍ക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താതെ ഭൂരിപക്ഷം കുറച്ച് മറുപടി നല്‍കണമെന്ന പക്ഷക്കാരും സമസ്തയിലുണ്ട്. ഇത് മറികടക്കാന്‍ താനൂര്‍, തവനൂര്‍, തൃത്താല, പൊന്നാനി മണ്ഡലങ്ങളില്‍ വോട്ടു വിഹിതം ഉയര്‍ത്താനാണ് ലീഗിന്റെ പദ്ധതി. ജിഫ്രി തങ്ങളുടെ വസതിയിലെത്തി സമദാനി സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ലീഗ് സൈബര്‍ വിംഗ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രചാരണത്തിന് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളെ ഇറക്കി ഐക്യസന്ദേശം താഴെത്തട്ടില്‍ എത്തിക്കാനും ലീഗ് നീക്കം നടക്കുന്നുണ്ട്.
Story Shorts: Nasser Faizi Kootatai's pro-League statement and Samasta President Geoffrey's statement that they can vote for whomever they like created room for heated discussion in the leagues and all ranks. A section of Samasta is trying to stay away from the League with the same stance that Kanthapuram does not vote for the League on any issue.