Featured Posts

Breaking News

തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാഷ്ട്രീയ വേട്ട; അഴികള്‍ക്കകത്ത് കെജ്‌രിവാളിന് കരുത്തുകൂടുമോ?


ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ വല വീശിയെറിഞ്ഞും ജയില്‍കയറ്റത്തിന്റെ നാള്‍വഴികള്‍ ഒരുക്കിയും കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സി വട്ടമിട്ട്‌ കറങ്ങുമ്പോഴും പ്രായോഗികരാഷ്ട്രീയത്തിന്റെ കരുത്തിലായിരുന്നു അരവിന്ദ് കെജരിവാള്‍ ദിവസങ്ങള്‍ എണ്ണിയത്. ഒമ്പതുവട്ടം സമന്‍സുമായി ഇ.ഡി. വട്ടംകറങ്ങിയത് അറസ്റ്റിന്റെ കരുക്കള്‍ നീക്കിയാണെന്ന സൂചന.

 ആപ്പിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും അണിയറയില്‍ നേരത്തേ പരന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെയുണ്ടായ അറസ്റ്റ് രാജ്യംകണ്ട വ്യത്യസ്തമായ രാഷ്ട്രീയപരീക്ഷണത്തിന്റെ ചരിത്രത്തിലും ദേശീയരാഷ്ട്രീയത്തിലും മായാനെളുപ്പമല്ലാത്ത ദിവസം.

ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം ആവലാതിയായി ഉയര്‍ത്തുന്നതിനിടയില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാവിനെത്തന്നെ അഴിക്കുള്ളിലാക്കി സൃഷ്ടിച്ച ആഘാതം പ്രതിപക്ഷ ക്യാമ്പിനെ അമ്പരപ്പിലാഴ്ത്തിയിട്ടുണ്ട്.

ത്ധാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറസ്റ്റിലായതിനുശേഷം കെജ്‌രിവാളും തിരഞ്ഞെടുപ്പ് കളത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും താത്‌കാലികമായെങ്കിലും മാറിനില്‍ക്കേണ്ടി വരുന്നത് ഇന്ത്യസഖ്യത്തിന് തിരിച്ചടിയാകും.

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സുഗമമായ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കളത്തിലിറങ്ങുമ്പോഴാണ് തിരിച്ചടി. ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിന്റെ രാഷ്ട്രീയത്തിലും കെജരിവാളിന്റെ അഭാവം നിഴലിക്കും.

എന്നാല്‍ പുറത്തുനില്‍ക്കുന്നതിനെക്കാള്‍ കരുത്ത് അഴികള്‍ക്കകത്ത് കിടക്കുമ്പോഴാണെന്ന ചരിത്രത്തിന്റെ ആവര്‍ത്തനം അടിയന്തരാവസ്ഥയിലെന്ന പോലെ ഓര്‍മപ്പെടുത്തിയാല്‍ തിരഞ്ഞെടുപ്പ് ഫലം ഡല്‍ഹിയില്‍ മറ്റൊന്നാകാം. ഇ.ഡി.യും അന്വേഷണവും അറസ്റ്റും ജനപിന്തുണയുടെ അളവേറ്റിയാല്‍ വിധി മാറി മറിഞ്ഞേക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആപ്പും കൈകോര്‍ത്തതിന്റെ ആശങ്കയാണ് തിടുക്കപ്പെട്ടുള്ള നീക്കത്തിന്റെ ഉള്ളടക്കമെന്നും അവര്‍ സംശയിക്കുന്നു.

തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിതയെ മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ട് ദിവസങ്ങളായില്ല. ടി.എം.സി നേതാവും മുന്‍ ലോക്‌സഭാംഗവുമായ മഹുവ മൊയ്ത്രക്കെതിരെ ചോദ്യക്കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം മുറുകുന്നു. ഡല്‍ഹിയിലെ ആപ് രാഷ്ട്രീയത്തിലെ രണ്ടാം മുഖവുമായ മനീഷ് സിസോദിയ മദ്യനയക്കേസില്‍ 14 മാസമായി ജയിലിലാണ്. 

അതേ കേസില്‍ ആപ്പിന്റെ രാജ്യസഭാംഗം സഞ്ജയ് സിങ്‌ അഞ്ചുമാസമായി ജയിലഴിക്കുള്ളില്‍. കള്ളപ്പണക്കേസില്‍ മുന്‍ ആപ് മന്ത്രി സത്യേന്ദ്ര ജയിന്‍ രണ്ടുവര്‍ഷമായി തിഹാര്‍ ജയിലിനുള്ളില്‍. ഇ.ഡി.യുടെ തിരച്ചില്‍ വാഹനം പ്രതിപക്ഷത്തിന്റെ റോഡ്മാര്‍ഗം വീണ്ടും യാത്ര തുടരുമ്പോള്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയം വീണ്ടും പൊള്ളുന്നു.

No comments