Featured Posts

Breaking News

മുൻ എംഎൽഎ പാർട്ടിവിട്ടു: ഡൽഹിയിൽ കോൺഗ്രസിന് തലവേദനയായി എഎപിയുടെ നീക്കങ്ങൾ


ന്യൂഡല്‍ഹി: ഡൽഹിയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി അധികാരത്തിലേറാൻ ദില്ലി ന്യായ് യാത്രയടക്കം വൻ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ(എഎപി) നീക്കങ്ങൾ വെല്ലുവിളിയാകുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി നാല് പ്രമുഖ നേതാക്കളാണ് അടുത്തിടെ എഎപിയിൽ ചേർന്നത്.

ഈ പ്രമുഖരുടെ വരവ് എഎപി ക്യാമ്പിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. എന്നാൽ കോൺഗ്രസിനും ബിജെപിക്കും ആകട്ടെ തലവേദനയും. നേതാക്കളുടെ വരവ് ഈ നാലിൽ മാത്രം നിൽക്കില്ലെന്നും ഇനിയും പ്രമുഖരെത്തുമെന്നും എഎപി നേതാക്കൾ വ്യക്തമാക്കുന്നു. കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുന്നത്.

അതേസമയം വരുന്ന എല്ലാവരെയും സ്വീകരിക്കുന്നില്ലെന്നും ഏകദേശം 70ഓളം നേതാക്കളുടെ പ്രവേശനം തടഞ്ഞെന്നും എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മതീൻ അഹമ്മദ് ആണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ നിന്നും എഎപി ക്യാമ്പിലെത്തിയ പ്രമുഖൻ. വടക്കുകിഴക്കൻ ഡൽഹിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രഭാത ഭക്ഷണ പാർട്ടിയൊരുക്കിയത് മതീൻ അഹമ്മദ് ആയിരുന്നു.

അദ്ദേഹത്തിന്റെ മകൻ സുബൈറും മരുമകള്‍ ഷഗുഫ്തയും എഎപിയിലെത്തി. കോൺഗ്രസിന്റെ ബാബർപൂർ ജില്ലാ പ്രസിഡന്റായിരുന്നു സുബൈർ. ഷഗുഫ്ത, സിറ്റിങ് കൗൺസിലറും. ലക്ഷ്മി നഗറിൽ നിന്ന് രണ്ട് തവണ ബിജെപി എംഎൽഎയായ ബി.ബി ത്യാഗിയും മറ്റൊരു മുൻ ബിജെപി എംഎൽഎ ബ്രഹ്മ സിങ് തൻവാറുമാണ് എഎപിയിലെത്തിയ മറ്റു പ്രമുഖര്‍. നവംബര്‍ ആദ്യമാണ് ഈ മുൻ ബിജെപി നേതാക്കൾ എഎപിയിൽ ചേർന്നത്.

അതേസമയം നേതാക്കളുടെ ഒഴുക്ക് തുടർന്നതോടെ പ്രവേശനത്തിനുള്ള മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണ് പാർട്ടി. എത്തുന്ന നേതാക്കൾക്ക് വാർഡ് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനാവുമോ എന്നാണ് എഎപി നോക്കുന്നത്. അങ്ങനെയുള്ള നേതാക്കളെയാണ് കാര്യമായും നോക്കുന്നത്. അതേസമയം രാഷ്ട്രീയമായി സജീവമല്ലെങ്കിലും മികച്ച 'ഇമേജുള്ള' നേതാക്കളെയും പാർട്ടി നോട്ടമിടുന്നുണ്ടെന്നും എഎപി വൃത്തങ്ങളുമായി ബന്ധപ്പെട്ട് 'ദ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിയിലെ ഗാന്ധി നഗർ, ലക്ഷ്മി നഗർ, രോഹിണി, ഛത്തർപൂർ എന്നിവയുൾപ്പെടെ 11 നിയമസഭാ സീറ്റുകളിൽ ആം ആദ്മി പാർട്ടിക്ക് 'നേതാക്കളുടെ അഭാവം' ഉണ്ടെന്നും ചില സിറ്റിങ് എംഎൽഎമാർ ഭരണ വിരുദ്ധത നേരിടുന്നുണ്ടെന്നും എഎപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കാണ് എഎപി പ്രധാനമായും നോട്ടമിടുന്നത്.

ബിജെപി മുന്‍ എംഎല്‍എ, ബ്രഹ്മ സിങ് തൻവാർ, ലക്ഷ്മി നഗറിലെ വിടവ് നികത്താന്‍ പോന്ന നേതാവാണെന്നും പാര്‍ട്ടി കരുതുന്നു. പോരാത്തത്തിന് ഇയാള്‍ക്ക് ഗുജ്ജറുകൾക്കിടയിൽ സ്വാധീനവുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ അഹമ്മദിന്, മതീൻ സമുദായവുമായി ശക്തമായ ബന്ധമുണ്ടെന്നും ഇത് മുതല്‍ക്കൂട്ടാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഒന്നുകിൽ സാമുദായിക പിന്തുണ, അല്ലെങ്കിൽ പ്രാദേശികമായി വളരെ അടുപ്പമുള്ള നേതാക്കൾ, പ്രവർത്തകർ എന്നിവരെയും പാർട്ടി നോട്ടമിടുന്നു.

അതേസമയം, ഒന്നോ രണ്ടോ നേതാക്കള്‍ അല്ലാതെ ആരും പാര്‍ട്ടിവിട്ടു പോകുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. അഹമ്മദിനെപ്പോലുള്ള വ്യക്തിഗത നേതാക്കന്മാർക്കും അവസരവാദികൾക്കും ഒപ്പമല്ല മുസ്‌ലിം സമുദായം, മറിച്ച് കോൺഗ്രസിനൊപ്പമാണ്. ദില്ലി ന്യായ് യാത്ര കടന്നുപോകുമ്പോള്‍ ഇതേ നേതാക്കളുടെ മേഖലയില്‍ നിന്ന് അടക്കം കോൺഗ്രസിനോട് സ്നേഹം ചൊരിയുന്നത് നിങ്ങൾക്ക് കാണാമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബർ 8 ന് തുടങ്ങിയ ദില്ലി ന്യായ് യാത്ര, ഡിസംബർ 4 വരെ നാല് ഘട്ടങ്ങളിലായി 70 മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നഗരങ്ങളിലെ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയാണ് കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുന്നത്.

No comments