ഒരുവര്‍ഷത്തെ ഇടവേള; ഷമി തിരിച്ചെത്തുന്നു
കൊല്‍ക്കത്ത: ഒരുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം പേസ് ബൗളര്‍ മുഹമ്മദ് ഷമി മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ബുധനാഴ്ച തുടങ്ങുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരേ ബംഗാള്‍ ടീമിനുവേണ്ടി ഷമി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ദോറിലാണ് മത്സരം.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഷമി ഒടുവില്‍ ഇന്ത്യക്കുവേണ്ടി കളിച്ചത്. ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ഷമിയായിരുന്നു. നവംബര്‍ 19-നുനടന്ന ഫൈനലിനിടെ പരിക്കേറ്റ ഷമി ഏറെക്കാലം ചികിത്സയിലായിരുന്നു.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണ് 34-കാരന്‍ മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നത്. നവംബര്‍ 22-ന് തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല.