ഇനി ഹിന്ദുത്വരാഷ്ട്രീയം: ഡൽഹിയിൽ ആപിനെ നേരിടാൻ പ്രചാരണ തന്ത്രം മാറ്റി ബിജെപി
ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണതന്ത്രം മാറ്റുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകാനാണ് പുതിയ തീരുമാനം. എന്നാല്‍ മധ്യവർഗത്തിനായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.
നാളെ പ്രചാരണം ആരംഭിക്കുന്ന യോഗി ആദിത്യനാഥ് ഡൽഹിയിൽ 14 റാലികളിൽ പ്രസംഗിക്കും. വോട്ടെടുപ്പ് ദിനമായ ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്.
റോഡ്, കുടിവെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിലെ പോരായ്മ ഉയർത്തികാട്ടിയായിരുന്നു ബിജെപിയുടെ ഇതുവരെയുള്ള പ്രചാരണം. ഈ രീതി വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് കളംമാറ്റി ചവിട്ടുന്നത്.
ക്ഷേത്രപൂജാരിമാർക്ക് ആപ് മാസം 18000 രൂപ പ്രഖ്യാപിച്ചത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. പുരോഹിതന്മാരിൽ നിന്നും ആം ആദ്മിക്ക് ലഭിക്കുന്ന പിന്തുണയാണ് പ്രചാരണ തന്ത്രംമാറ്റാൻ ബിജെപിയെ പ്രേരിപ്പിച്ചത്.
മധ്യവർഗത്തെ കേന്ദ്രസർക്കാർ എടിഎം ആക്കി മാറ്റിയെന്നാണ് ആപിൻ്റെ പുതിയ ആരോപണം. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ബിജെപി സ്ഥാനാർത്ഥി രമേശ്ബിദുഡിക്കെതിരേ കേസ് എടുക്കുണമെന്ന് മുഖ്യമന്ത്രി അതിഷി ആവശ്യപ്പെട്ടു.