മാരകമുറിവേറ്റ സെയ്ഫ് അലി ഖാൻ ആരോഗ്യവാനായി നടന്നുവരുന്നു, വിശ്വസിക്കാനാകുന്നില്ല, ഡോക്ടറുടെ മറുപടി
ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽ നിന്ന് ആരോഗ്യവാനായി ഇറങ്ങി വരുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇറങ്ങി വന്നത്.
ഈ ദൃശ്യങ്ങൾ സൈബറിടത്ത് വൻതോതിൽ ചർച്ചയ്ക്ക് വഴിവെച്ചു. നട്ടെല്ലിനുൾപ്പെടെ ഗുരുതര പരിക്കേറ്റ താരം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ആരോഗ്യവാനായി നടന്നു പോയി എന്നാണ് പലരും ചോദിക്കുന്നത്. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കുത്തേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സെയ്ഫ് അലി ഖാൻ വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല.
ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിന് സമീപത്തുമായി നടന് ആഴത്തിൽ കുത്തേറ്റു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. താരത്തിന് ന്യൂറോശസ്ത്രക്രിയ നടത്തിയെന്നും ഇതിനു പുറമെ പ്ലാസ്റ്റിക് സർജറി കൂടി നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്രയും ഗുരുതരപരിക്കേറ്റ താരം എങ്ങനെയാണ് ഒരാഴ്ചക്കുള്ളിൽ ആരോഗ്യവാനായി സ്ട്രെച്ചറിന്റെ സാഹയം പോലുമില്ലാതെ പുറത്തുവന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
താരത്തിന്റെ കൈയിൽ ഒരു ബാൻഡേജും കഴുത്തിൽ മുറിവേറ്റ അടയാളവും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. പിആർ സ്റ്റണ്ട് എന്നടക്കം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
സെയ്ഫ് അലിഖാൻ വളരെ ആരോഗ്യവാനായി നടന്നുപോകുന്ന വീഡിയോ കണ്ടു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സൗന്ദര്യമാണിതെന്ന് സർജൻ അമിത് തടാനി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. നട്ടെല്ലിന് ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു ദിവസത്തിനുള്ളിൽ തന്നെ ബെഡ് റെസ്റ്റൊന്നും ആവശ്യമില്ലാതെ ഡിസ്ചാർജ് ചെയ്യാമെന്നും അദ്ദേഹം കുറിച്ചു. വീഡിയോയിൽ കഴുത്തിന് ഡ്രസ് ചെയ്തിരിക്കുന്നത് വ്യക്തമാണ്. ഇതിൽ അസ്വാഭാവികമായി ഞാൻ ഒന്നും കാണുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.