HMPV: ഇന്ത്യയിലെ ആദ്യകേസ് ബെംഗളൂരുവില്‍, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍
ബെംഗളൂരു: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ തങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല, തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് വലിയ അളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ എച്ച്.എം.പി.വി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയംയോഗ ശേഷം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.
'സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി വിവരങ്ങള്‍ കൈമാറാന്‍ ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോഗികളുടെ നിരക്കിന് പിന്നില്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ്, ആര്‍.എസ്.വി., എച്ച്.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോഗകാരികള്‍ തന്നെയാണ് ഇവയുടെ വര്‍ധനവിന് പിന്നില്‍'- ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ശൈത്യകാലത്ത് സാധാരണ കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ മാത്രമാണിതെന്നാണ് ചൈനയുടെ വിശദീകരണവും അതിന് രോഗതീവ്രത കുറവാണ്. രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകള്‍ക്കടക്കം ചൈന സുരക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.