സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണം.കേരളത്തിലെ വീടുകളില്‍ 25 ലക്ഷം കോടിയുടെ സ്വര്‍ണം. 'ഷോ' വേണ്ടെന്ന് മുന്നറിയിപ്പ്
ഒടുവിൽ, പ്രതീക്ഷിച്ചതു സംഭവിച്ചു. കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയെന്ന ‘മാന്ത്രികസംഖ്യ’ തൊട്ടു. വില ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഏകദേശം 125 മുതൽ 150 ടൺ വരെയാണ് കേരളത്തിൽ പ്രതിവർഷ സ്വർണ വിൽപന. ഓരോ ദിവസവും ഏതാണ്ട് 250-350 കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ട്.
കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വില ലക്ഷവും കടന്ന് കത്തിക്കയറി നിൽക്കുമ്പോൾ സുരക്ഷാപ്രശ്നവുമാണ് ഉയരുന്നത്. 2,000 ടണ്‍ എന്നാൽ 20 ലക്ഷം കിലോഗ്രാം. ഒരു കിലോ സ്വർണത്തിന് ഇന്നത്തെ വിലപ്രകാരം 1.27 കോടി രൂപവരും. അതായത്, സംസ്ഥാനത്തെ വീടുകളിൽ ‘ഉറങ്ങി കിടക്കുന്നത്’ 25 ലക്ഷം കോടി രൂപ മതിക്കുന്ന സ്വർണം.
സ്വർണവില കൂടിയതോടെ സുരക്ഷ സംബന്ധിച്ച ആശങ്കയും കനക്കുകയാണ്. ഈ സാഹചര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? നോക്കാം:
∙ വില ലക്ഷം തൊട്ടതോടെ സ്വർണം ജാഗ്രതയോടെ കൈകാര്യം ചെയ്യണന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
∙ വീടുകളിൽ കൂടുതൽ സ്വർണം സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണം. കഴിയുമെങ്കിൽ സ്വർണം ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുക.
∙ കൈവശം സ്വർണമുണ്ടെന്ന് വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് പരസ്യപ്പെടുത്തരുത്.
∙ സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണം ഈടുവച്ച് വായ്പയെടുക്കുന്നതും നല്ലതാണ്. സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനും ഇതു സഹായിക്കും
∙ ചിട്ടിപോലുള്ള കാര്യങ്ങൾക്ക് ഈടായി സ്വർണം നൽകുന്നതും നല്ലത്.
∙ സ്കൂൾ കുട്ടികൾ കഴിവതും സ്വർണം അണിയുന്നത് ഒഴിവാക്കുക. മുതിർന്ന സ്ത്രീകളും പ്രത്യേകം ശ്രദ്ധിക്കണം. ബൈക്കിലും മറ്റുമെത്തി മാല മോഷ്ടിക്കുന്നവർ ഉപദ്രവിച്ചേക്കാം.
വില ഇനിയും കൂടും
സ്വർണവില റെക്കോർഡിലെത്തിയത് വ്യാപാരത്തെ ബാധിക്കില്ലെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു. വില കൂടിയെങ്കിലും വ്യാപാരത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. വിവാഹ പാർട്ടികളും വിപണിയിൽ സജീവമാണ്. വിൽപന അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും മൂല്യം കുറഞ്ഞിട്ടില്ല. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരാണ് കൂടുതലും.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4,500 ഡോളറിനടുത്താണ് നിലവിൽ വില. ഇത് 5,000 ഡോളറെന്ന പ്രതിരോധം ഭേദിച്ചാൽ വില ഇനിയും കുതിക്കും. ഒരുപക്ഷേ, വൻകിട നിക്ഷേപകർ ലാഭമെടുപ്പിന് ശ്രമിച്ചാൽ വില ഇടിയാനുള്ള സാധ്യതയുമുണ്ട്. അടുത്ത വർഷത്തിന്റെ അവസാനത്തോടെ വില 5,000 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ.
