ബെൻസിനെ വെല്ലാന്‍ സെൽറ്റോസ്, കിടിലൻ പുതിയ മോഡൽ ...
ഇന്ത്യയിൽ കിയയുടെ മുഖമാണ് സെൽറ്റോസ്. അന്നുവരെ അധികമാരും കേട്ടിട്ടില്ലാത്ത കിയ എന്ന ബ്രാൻഡിന്റെ ആദ്യ പടക്കുതിര. മധ്യനിര എസ് യു വികളിൽ രാജാവായി വാണിരുന്ന ഹ്യുണ്ടേയ് ക്രേറ്റയോട് നേരിട്ടു പോരാടി സ്ഥാനമുറപ്പിച്ച വാഹനം. കിയയുടെ ഇന്ത്യാ പോരാട്ടത്തിന് അടിത്തറയിട്ടതും സെൽറ്റോസത്രെ. ഇപ്പോഴും വിൽപനയിൽ തെല്ലും മങ്ങലേറ്റിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സെൽറ്റോസിനും ഒരു മാറ്റം വേണ്ടേ? ആറു കൊല്ലത്തിനു ശേഷം സെൽറ്റോസിന് മാറ്റം വന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.
‘വലുതായി’ വന്ന മാറ്റം
വലുപ്പം കൂടിയെന്നതാണ് ആദ്യ ദർശനത്തിലെ പ്രധാന മാറ്റം. പുതിയ രൂപകൽപനയുടെ ഗൗരവസ്വഭാവവും ഈ വലുപ്പക്കൂടുതലും ഒത്തു ചേരുമ്പോൾ സെൽറ്റോസിന് ഗാംഭീര്യമേറുന്നു. കെ 2 പ്ലാറ്റ്ഫോമിൽ നിന്ന് ആധുനികമായ കെ 3 പ്ലാറ്റ്ഫോമിലേക്ക് വന്നതാണ് വലുപ്പത്തിനു പിന്നിൽ. 95 മി.മീ നീളക്കൂടുതലോടെ 4460 മി.മീയിലേക്ക് സെല്‍റ്റോസ് വളർന്നു. വീൽ ബേസിൽ 80 മില്ലി മീറ്ററിന്റെ വർധന. 2690 മി.മീ. ഈ വിഭാഗത്തിൽ ഏറ്റവും നീളമുള്ള വാഹനമായി എന്നു മാത്രമല്ല, ഉള്ളിൽ ധാരാളം ഇടം കൂടിയിട്ടുമുണ്ട്.
സ്റ്റൈല്‍’ മന്നൻ
സെൽറ്റോസ് എന്നാൽ എക്കാലത്തും സ്റ്റൈലിങ്ങാണ്. അതിപ്പോൾ പതിന്മടങ്ങായി ഉയർന്നിരിക്കുന്നു. ഗ്രില്ലിനു പിന്നിൽ സമര്‍ത്ഥമായി മറഞ്ഞിരിക്കുന്ന ഹെഡ് ലാംപ് മാത്രം മതി ഈ സ്റ്റൈലിങ്ങ് മികവിന് അടിവരയിടാൻ. സൈറോസിനു സമാനമായ ‘ബോൾഡ്’ രൂപകൽപയിൽ ഒഴുകിയിറങ്ങുന്ന ബോഡി ചതുരവടിവുകൾക്ക് വഴിമാറുന്നു. ഗ്രില്‍ രൂപകൽപനയോടു ഇഴുകിച്ചേരുന്ന ഹെഡ് ലാംപുകളോട് ചേർന്നു നിൽക്കുന്ന വെർട്ടിക്കൽ ഡേ ടൈം റണ്ണിങ് ലാംപ്. കിയയുടെ ‘ടൈഗർ നോസ്’ രൂപകൽപനയുടെ അംശങ്ങൾ ഗ്രില്ലിനു താഴെയായി നിലനിർത്തിയിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തം. നിയോൺ പെയിന്‍റടിച്ച ബ്രേക്ക് കാലിപ്പർ ഒറ്റ നോട്ടത്തിൽ കണ്ണിൽപ്പെടും. വശങ്ങളും പിന്‍വശവും ചതുരവടിവുള്ള രൂപകൽപന പിന്തുടരുന്നു. വാഹനം നിർത്തിയാൽ പാതി തുറന്നു നിൽക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. പല വാഹനങ്ങളിലും രണ്ടു കൈ വേണം ഇത്തരം ഡോർ ഹാൻഡിൽ പ്രവർത്തിപ്പിക്കാന്‍.
ഉള്ളിലും സ്റ്റൈൽ
ബെൻസിലും ബീമറിലുമൊക്കെ മാത്രം കണ്ടിരുന്നതു പലതും സെൽറ്റോസിലേക്കിറങ്ങി വന്നു. പല രാജ്യങ്ങളിലും കിയ പിടി മുറുക്കിയത് ഇങ്ങനെ ‘ലാവിഷായി’ സൗകര്യങ്ങൾ വാരി വിതറിയാണല്ലോ. പുതിയ ഡാഷ് ബോർഡ് ലളിതമെങ്കിലും പ്രീമിയം ഫിനിഷാണ്. പനോരമിക് എൽ ഇ ഡി സ്ക്രീനിൽ രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളുടെ മധ്യത്തിലായി 5 ഇഞ്ച് എ സി ടച് സ്ക്രീൻ ഒരുക്കിയത് മറ്റധികം വാഹനങ്ങളിൽ കണ്ടിട്ടില്ല. ടച് സൗകര്യത്തിനു പുറമെ യഥാർത്ഥ ബട്ടനുകളുമുള്ളത് സൗകര്യപ്രദം. എ സി വെന്റുകളുടെ സ്ഥാനവും രൂപവും ശ്രദ്ധിക്കപ്പെടും. സ്റ്റീയറിങ് ഡിസൈനും നന്നായിട്ടുണ്ട്. 360 ഡിഗ്രിക്യാമറ, വയർലെസ് ഫോൺ ചാർജിങ്, ഇലക്ട്രിക് പാർക്ക് ബ്രേക്ക്, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഡ്രൈവർ സീറ്റ്, ഡാഷിലുറപ്പിച്ച സെൻട്രൽ സ്പീക്കറും സബ് വൂഫറുമുള്ള 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിങ്ങനെ എല്ലാം പ്രീമിയം. വലിയ സീറ്റുകളിൽ സുഖകരമായ ഇരിപ്പ്. മുന്നിലും പിന്നിലും ആവശ്യത്തിന് ലെഗ് റൂം. പിന്നിൽ സൺബ്ലൈൻഡ്, എ സി വെന്റ്. 447 ലീറ്റർ ബൂട്ട്. സുരക്ഷയ്ക്കായി എയർബാഗ്, എബിഎസ് തുടങ്ങിയ ഏർപ്പാടുകൾ. മൊത്തത്തിൽ സംഗതി കൊള്ളാം.
ഡ്രൈവിങ്
പെട്രോൾ, ഡീസൽ 1.5 ലീറ്റർ എൻജിനുകൾക്കു പുറമെ 1.5 ലീറ്റർ ടർബോ പെട്രോളുമുണ്ട്. ശക്തി ഡീസലിനും പെട്രോളിനും 115 ബിഎച്ച്പി. ടർബോയ്ക്ക് 160. മൂന്നു മോഡലുകൾക്കും 6 സ്പീഡ് മാനുവൽ. പുറമെ പെട്രോളിന് സി വി ടി ഗീയർബോക്സ്. ഡീസലിന് ടോർക്ക് കൺവേർട്ടർ ഓട്ടോ. ടർബോ പെട്രോളിന് ഡ്യുവൽ ക്ലച്ച് 7 സ്പീഡ് ഓട്ടോ. ഡ്രൈവിങ്ങിൽ മികവ് ടർബോ പെട്രോളിനു തന്നെ. കുതിച്ചു പായും, വരുതിയിൽ നിൽക്കും. ഡീസൽ ഓട്ടമാറ്റിക്കിനു രണ്ടാം സ്ഥാനം. തൊട്ടു പിന്നിൽ പെട്രോൾ 1.5. ശബ്ദവും വിറയലും ഒരു മോഡലിനുമില്ല. സസ്പെൻഷൻ കുറച്ചു മൃദുവാക്കിയത് യാത്രാ സുഖം ഉയർത്തുന്നു. എന്നാൽ ഹാന്‍ഡ്‌ലിങ് മോശമാക്കുന്നതേയില്ല. സസ്പെൻഷൻ ട്യൂണിങ്ങിന് പത്തിൽ പത്ത്. ഇന്ധനക്ഷമത എത്രയെന്ന് കിയ പറയുന്നില്ലെങ്കിലും ഡീസൽ മോഡലിന് 15 കി.മീനു മുകളിൽ പ്രതീക്ഷിക്കാം.