Featured Posts

Breaking News

'ചിരിപ്പിക്കാതെ, ക്യാമറ ഓഫ് ചെയ്യൂ'; സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് താലിബാൻ


കാബൂൾ: വനിതകൾക്ക് രാഷ്ട്രീയത്തിൽ അവസരം നൽകുമോ എന്ന വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യത്തോട് പരിഹാസവുമായി പൊട്ടിച്ചിരിക്കുന്ന താലിബാൻ തീവ്രവാദികളുടെ വീഡിയോ പുറത്ത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ ഡേവിഡ് പാട്രികറകോസാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യത്തിനു കീഴിൽ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയാണ് ദൃശ്യത്തിൽ മാധ്യമപ്രവർത്തകയുടെ ചോദ്യം. മതപരമായ നിയമങ്ങൾക്ക് വിധേയമായിരിക്കും സ്ത്രീകളുടെ അവകാശങ്ങൾ എന്നാണ് താലിബാന്റെ ആദ്യ ഉത്തരം. ജനപ്രതിനിധികളായി വനിതകളെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടാകുമോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു തീവ്രവാദികളുടെ മറുപടി.

"ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നുന്നു." എന്നു പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും ഇവർ നിർദ്ദേശിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തുമ്പോൾ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ആശങ്ക വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തങ്ങളുടെ നിയമങ്ങൾക്കകത്തു നിന്നുകൊണ്ട് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അവരെ ഭാഗമാക്കുമെന്നും കഴിഞ്ഞ ദിവസം താലിബാൻ പ്രഖ്യാപിച്ചിരുന്നു.

No comments