ഉമ്മൻചാണ്ടി തന്‍റെ രക്ഷകര്‍ത്താവ്, ആ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം- ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവെന്ന് ചെറിയാന്‍ ഫിലിപ്. ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണമെന്നും കേരള സഹൃദയ വേദി നൽകുന്ന അവുക്കാദർകുട്ടിനഹ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
'മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും. ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്.' ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് പുരസ്ക്കാരം നൽകിക്കൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു. 2001-ൽ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാൻ ഫിലിപ്പിനുണ്ടായി.
ചെറിയാന്‍ ജയിച്ചു വരാൻ പറ്റിയ ഒരു സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. അതു തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.