Featured Posts

Breaking News

മുഹമ്മദ്​ ഷമിക്ക്​ പിന്തുണയുമായി സചിനടക്കമുളള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബി.സി.സി.ഐയും സഹതാരങ്ങളും


ന്യൂഡൽഹി: ''​മുഹമ്മദ്‌ ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോൾ മനം പിരട്ടുന്നു. മുസ്ലിമിന്‍റെ രാജ്യസ്നേഹവും ദലിതന്‍റെ മെറിറ്റും പെണ്ണിന്‍റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാധ്യം ആവില്ല'' -മലയാളി ഗായകൻ ഹരീഷ്​ ശിവരാമകൃഷ്​ണൻ ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയാണ്​. ഇത്​ ശരിയാണെന്ന്​ ശരിവെക്കുന്നത്​ തന്നെയാണ്​ സമീപകാലത്തുള്ള രണ്ട്​ വാർത്തകൾ. ഒളിമ്പിക്​സിൽ വനിത ഹോക്കി ടീം നിർണായക മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ടീമിലെ ദലിത്​ കളിക്കാരിയായ വന്ദന കതാരിയക്ക്​ നേരെയായിരുന്നു പഴി. വന്ദനയുടെ വീടിന്​ മുന്നിൽ തടിച്ചു കൂടി ജാതി അധിക്ഷേപം നടത്തുന്നതിൽ വരെയെത്തി കാര്യങ്ങൾ.

ഇക്കുറി പഴി മുഹമ്മദ്​ ഷമിക്കാണ്​. പാകിസ്​താനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരിലുള്ള പഴിയല്ല. ഷമിയെ പാകിസ്​താൻ ചാരനായി മുദ്രകുത്തുന്നതിലേക്കും മുസ്​ലിം സ്വത്വം തെരഞ്ഞുപിടിച്ച്​ സൈബർ ലിഞ്ചിങ്​ നടത്തുന്നതിലേക്കും കാര്യങ്ങളെത്തി. മുമ്പ്​ രഞ്​ജി ട്രോഫിയിലെ ഇതിഹാസ താരവും ടെസ്റ്റിൽ ഇന്ത്യക്കായി 31 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ചെയ്​ത വസീം ജാഫറിന്​ നേരെയായിരുന്നു ജിഹാദി വിളികൾ. അതിൽ നിന്നും വിപരീതമായി ഇക്കുറി ഒരാശ്വാസമുണ്ട്​.

ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറും വി.വി.എസ്​ ലക്ഷ്​മണും അടക്കമുള്ള വലിയ താരനിര ഷമിക്ക്​ അനുകൂലമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.''ഇന്ത്യയെ നമ്മൾ പിന്തുണക്കു​േമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ്​ ഷമി വളരെ സമർപ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്​. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാൻ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്​''-സചിൻ ട്വീറ്റ്​ ചെയ്​തു.

ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്നായിരുന്നു ഇതിനെല്ലാം പഠാന്റെ മറുപടി. 'ഞാനും ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. അന്നും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പാകിസ്താനിലേക്ക് പോകൂ എന്ന തരത്തിലെ മോശം പ്രതികരണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ മാത്രം മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു', പഠാന്‍ ട്വീറ്റ് ചെയ്തു.

ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. അദ്ദേഹം ചാമ്പ്യനാണ്. ഇന്ത്യക്കായി കളിക്കുന്നവരുടേയെല്ലാം ഹൃദയത്തിലും ഇന്ത്യ മാത്രമാണുള്ളത്. നിന്റെ കൂടെയുണ്ട് ഷമി. അടുത്ത മത്സരത്തില്‍ നമുക്ക് അടിച്ചുപൊളിക്കാം, സെവാഗ് ട്വീറ്റില്‍ പറയുന്നു.

ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നുമാണ്​ സഹോദരനും മുൻ ഇന്ത്യൻ താരവുമായ യൂസുഫ്​ പത്താൻ ട്വിറ്ററിലെഴുതിയത്​. വീരേന്ദർ സെവാഗ്​, ഹർഭജൻ സിങ്​, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, കീർത്തി ആസാദ്​ അടക്കമുള്ള മുൻതാരങ്ങളും രാഹുൽ ഗാന്ധി, ബർക ദത്ത്, റാണ അയ്യൂബ്​​, രാജ്​ദീപ്​ സർദേശായി തുടങ്ങിയ സാമൂഹിക രാഷ്​ട്രീയ രംഗത്തെ പ്രമുഖരും ഷമിക്ക്​ പിന്തുണയുമായെത്തി. പക്ഷേ നിലവിൽ ലോകകപ്പ്​ കളിക്കുന്ന താരത്തിനെതിരെ വംശീയ അതിക്രമം നടന്നിട്ടും ഇതുവരെയും ബി.സി.സി.ഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വിരാട്​ കോഹ്​ലി, രോഹിത്​ ശർമ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള സഹതാരങ്ങളും പ്രതികരിച്ചില്ല. '' എനിക്ക്​ നിങ്ങളെക്കുറിച്ച്​ അഭിമാനമുണ്ട്​ ഭയ്യാ.. എന്ന്​ ഷമിയെ ടാഗ്​ ചെയ്​ത്​ കുറിച്ച യുസ്​വേന്ദ്ര ചഹൽ മാത്രമാണ്​ സഹതാരങ്ങളിൽ നിന്നും ഷമിക്ക്​ പിന്തുണയർപ്പിച്ച്​ രംഗത്ത്​ വന്നത്​.

വംശീയത ലോകത്തിന്‍റെ എല്ലാ കോണിലും എല്ലാ കളിയിലുമുണ്ട്​​. മതത്തിന്‍റെ, ജാതിയുടെ, നിറത്തിന്‍റെ, ഭാഷയുടെ പേരിലുള്ള അമ്പുകൾ ഗാലറിയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും താരങ്ങൾ ഏൽക്കാറുമുണ്ട്​. പക്ഷേ അതിനെതിരെ എങ്ങനെ നിലപാട്​ സ്വീകരിക്കുന്നു എന്നതാണ്​ പ്രധാനം. യൂറോകപ്പ്​ ഫൈനലിൽ പെനൽറ്റി പാഴാക്കിയതിന്​ മാർകസ്​ റാഷ്​ഫോഡിനും ബുകായോ സാക്കക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ തൊലി നിറത്തിന്‍റെ പേരിലുള്ള വിമർശനങ്ങൾ ഉയർന്നപ്പോൾ ഇംഗ്ലണ്ട്​ ഫുട്​ബാൾ ​അസോസിയേഷൻ സ്വീകരിച്ച നടപടികളിൽ ബി.സി.സി.ഐക്കും ഹാരികെയ്​ൻ നൽകിയ പിന്തുണയിൽ സുഹൃത്ത്​ കൂടിയായ കോഹ്​ലിക്കും ദൃഷ്​ടാന്തങ്ങളുണ്ട്​.

English Summary: Not to blame for the poor performance in the match against Pakistan. Things got to the point of branding Shami as a Pakistani spy and cyber lynching in search of Muslim identity. The jihadi calls were against Wasim Jaffer, a former Ranji Trophy legend who played 31 Tests for India. On the contrary, there is relief this time around.

No comments