ആര്യൻ കേസിലെ കോഴവിവാദം: സമീർ വാങ്കഡെയെ ചുമതലയിൽനിന്ന് മാറ്റിയേക്കും
മുംബൈ ∙ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. വാങ്കഡെയെ എൻസിബി ഡയറക്ടർ ജനറൽ ഡൽഹിക്കു വിളിപ്പിച്ചു. ചുമതലയിൽനിന്നു മാറ്റിനിർത്താനും സാധ്യതയുണ്ടെന്നാണു സൂചന.
ആരോപണങ്ങൾ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തടയണമെന്നഭ്യർഥിച്ചു സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്‌മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി. പ്രഭാകറിനു മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എൻസിബി സംഘത്തിനൊപ്പം എത്തിയ കിരൺ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയായ ഗോസാവിയും ആര്യൻ കേസിൽ സാക്ഷിയാണ്. ആരോപണങ്ങൾ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തിൽ നിന്നുള്ള അഭിമുഖത്തിൽ ഗോസാവി അവകാശപ്പെട്ടു.
അതിനിടെ, വാങ്കഡെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയാണ് സംവരണ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതെന്നു മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ആരോപിച്ചു. ഡോ. ഷബാന ഖുറേഷി എന്ന യുവതിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് ഇപ്പോഴത്തെ വിവാഹമെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ വാങ്കഡെയുടെ ഭാര്യയും മറാഠി നടിയുമായ ക്രാന്തി രേദ്‌കറും രംഗത്തെത്തി.