അഹമ്മദാബാദും ലക്‌നൗവും പുതിയ ഫ്രാഞ്ചൈസികള്‍; ഐപിഎല്ലില്‍ ഇനി പത്ത് ടീമുകളുടെ അങ്കം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി പത്ത് ടീമുകളുടെ അങ്കം. അഹമ്മദാബാദും ലക്‌നൗവും ആസ്ഥാനമായുള്ള രണ്ട് പുതിയ ടീമുകളെ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.
യുഎഇയില്‍ നടന്ന ലേലത്തില്‍ 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന 'ആര്‍പിഎസ്ജി ഗ്രൂപ്പ്' ലക്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി. സ്വകാര്യ ഇക്വിറ്റി ഫേം ആയ 'സിവിസി കാപിറ്റല്‍' അഹമ്മദാബാദ് ടീമിനേയും നേടിയെടുത്തു. 5166 കോടി രൂപ മുടക്കിയാണ് സിവിസി അഹമ്മദാബാദ് ടീമിന്റെ ഉടമകളായത്.
ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്. അതില്‍ അഞ്ചു കമ്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില. വമ്പന്‍മാരായ അദാനി ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ്, റിതി സ്‌പോര്‍ട്‌സ്, ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ലാന്‍സര്‍ ഗ്രൂപ്പ് (ഗ്ലേസര്‍ കുടുംബം) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സിവിസിയും ആര്‍പിഎസ്ജിയും ലേലത്തില്‍ വിജയിച്ചത്.
നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദാരാബാദ് എന്നീ ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്.