Featured Posts

Breaking News

പാക്ക് വിജയത്തിനു പിന്നാലെ റിസ്‌വാനെ നെഞ്ചോടു ചേർത്ത് കോലി


ദുബായ്: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റിരിക്കാം. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനോടു തോൽക്കുന്ന ഇന്ത്യൻ നായകനെന്ന് ചരിത്രം വിരാട് കോലിയെ അടയാളപ്പെടുത്തുകയും ചെയ്യുമായിരിക്കാം. പക്ഷേ, മത്സരശേഷം പാക്കിസ്ഥാൻ വിജയത്തിനു ചുക്കാൻ പിടിച്ച മുഹമ്മദ് റിസ്‌വാനെ പുഞ്ചിരിയോടെ നെഞ്ചോടു ചേർത്ത വിരാട് കോലിയുടെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. കളിക്കളത്തിലെ ആക്രമണോത്സുകതയും തോൽവിയുടെ നിരാശയുമെല്ലാം മാറ്റിവച്ചാണ് മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെ കോലി പാക്ക് താരത്തെ ചേർത്തുപിടിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണെടുത്തത്. ഒരിക്കൽക്കൂടി വലിയ വേദിയിൽ മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയപ്പോൾ, ക്യാപ്റ്റൻ വിരാട് കോലിയുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇന്ത്യൻ താരങ്ങൾ പൊരുതിനേടിയ സ്കോർ പക്ഷേ, പാക്കിസ്ഥാന് പൊരുതാനുള്ള സ്കോർ പോലുമായില്ലെന്ന് അവരുടെ മറുപടി ബാറ്റിങ് തെളിയിച്ചു. ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും ബാബർ അസമും ക്രീസിൽ ഉറച്ചുനിന്നതോടെ മത്സരം പാക്കിസ്ഥാൻ അനായാസം സ്വന്തമാക്കി. റിസ്‌വാൻ 55 പന്തിൽ 79 റൺസോടെയും അസം 52 പന്തിൽ 68 റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിൽ റിസ്‌വാൻ വിജയറൺ കുറിച്ചതിനു പിന്നാലെയാണ് ക്രീസിലേക്ക് നടന്നെത്തിയ കോലി ഇരുവരെയും അഭിനന്ദിച്ചത്. ഇതിനിടെ റിസ്‌വാനെ നെഞ്ചോടു ചേർക്കുകയും ചെയ്തു. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം സമീപത്തുനിൽക്കെയായിരുന്നു ഇത്. പിന്നാലെ ബാബർ അസമിനും കോലിയുടെ അഭിനന്ദനം.

വിരാട് കോലിയുടെ സ്നേഹപ്രകടനത്തെ ഒരുപോലെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ലോകം. തോൽവിയുടെ നിരാശയ്ക്കിടയിലും രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയായി പരസ്പരം കളിക്കാനാകാത്ത വിധത്തിലുള്ള ‘വൈര’ത്തിനിടയിലും എതിർ ടീമിലെ താരത്തെ നെഞ്ചോടു ചേർത്ത കോലിയെ അഭിനന്ദനങ്ങൾകൊണ്ടു മൂടുന്നതിൽ ഇന്ത്യ–പാക്ക് വ്യത്യാസമില്ല എന്നതും ശ്രദ്ധേയം.


English Summary: India may have lost to Pakistan in a thrilling match that fans have been eagerly awaiting. History may mark Virat Kohli as the first Indian captain to lose to Pakistan in World Cup history. But the cricketing world is praising the goodwill of Virat Kohli, who smiled at Mohammad Rizwan, who was at the helm of Pakistan's victory after the match. The aggression on the field and the frustration of defeat are all set aside.

No comments