അന്‍വറിന് വീണ്ടും തിരിച്ചടി: ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണം- ഹൈക്കോടതി
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി. അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാന്‍ സാവകാശം ആവശ്യപ്പെട്ട് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ല ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.
കേസില്‍ ഇനിയും സാവകാശം നല്‍കാന്‍ സാധിക്കില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.