Featured Posts

Breaking News

രാത്രികാല കര്‍ഫ്യു, ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; ഒമിക്രോണ്‍ ആശങ്കയില്‍ രാജ്യം


ന്യൂഡല്‍ഹി: രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോണ്‍ ഭീഷണിയും ശക്തമാവുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.

ഒമിക്രോണ്‍ വ്യാപനം കൂടുന്നു എന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലുണ്ടായത്.

മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ രാത്രി കര്‍ഫ്യു പുനഃസ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ഒന്നോ രണ്ടോ ആയിരുന്ന കോവിഡ് രോഗികളുടെ എണ്ണം 180 ആയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കര്‍ഫ്യു പുനസ്ഥാപിക്കുന്ന സാഹചര്യമാണ് ഉളളത്.

ക്രിസ്​മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ വാക്‌സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ പൊതുപരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന മുഴുവന്‍ വിദേശയാത്രികരെയും കോവിഡ് പരിശോധന നടത്തുന്ന കാര്യവും തമിഴ്‌നാട് പരിഗണിക്കുന്നുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഒമൈക്രോണുമായി ബന്ധപ്പെട്ട് മറ്റൊരു അവലോകന യോഗം കൂടെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ആലോചിച്ച് എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുംദിവസങ്ങളില്‍ വേണം എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ ന്യൂയര്‍ ആഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും.

No comments