വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
കൊച്ചി | വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിനുകള്‍ക്ക് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഇവരെ നീക്കം ചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ നീക്കാനോ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് സാങ്കേതികമായി കഴിയില്ലെന്നും ഇക്കാരണത്താല്‍ പോസ്റ്റുകളുടെയെല്ലാം ഉത്തരവാദിത്തം അഡ്മിനു മേല്‍ ചുമത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ വിധിയില്‍ പറഞ്ഞു.
ആലപ്പുഴ ചേര്‍ത്തല സ്വദേശി നല്‍കിയ ഹരജിയാണ് സിംഗിള്‍ ബഞ്ച് പരിഗണിച്ചത്. ഫ്രണ്ട്‌സ് എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ഹരജിക്കാരന്‍. മറ്റു രണ്ടുപേരെക്കൂടി ഇയാള്‍ അഡ്മിനുകളായി നിയോഗിച്ചിരുന്നു. ഇവരില്‍ ഒരാള്‍ കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. ഇതേത്തുടര്‍ന്നുള്ള പരാതിയില്‍ എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും ഗ്രൂപ്പ് അഡ്മിനെ രണ്ടാം പ്രതിയുമാക്കി ഐ ടി നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇതു റദ്ദാക്കണമെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.