വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്
ലഖ്നോ: വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ജയത്തുടർച്ച തേടി ഇന്നു മുതൽ അയൽക്കാരായ ശ്രീലങ്കക്കെതിരെ. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്നോ അടൽ ബിഹാരി വാജ്പേയി മൈതാനത്ത് നടക്കും. ഈ വർഷം വിരുന്നെത്തുന്ന ലോകകപ്പിന് മുമ്പ് വലിയ വിജയങ്ങളുടെ പരിചയവും കരുത്തും കൂട്ടാനാകും രോഹിത് സംഘത്തിന്റെ ശ്രമം.
വിരാട് കോഹ്ലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയ പ്രഗല്ഭരുടെ അഭാവം ആധിയുയർത്തുന്നുണ്ടെങ്കിലും പിൻനിരയായ ഇശാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ എന്നിവർക്ക് നിലനിൽപ് ഭദ്രമാക്കാൻ ഇത് അവസരമാകും. ഏറെ നാൾ പുറത്തിരുന്ന ശേഷമാണ് സഞ്ജു തിരിച്ചെത്തുന്നത്. ഇത്തവണയെങ്കിലും ആദ്യ ഇലവനിൽ അവസരമുണ്ടാകുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.
പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ എന്നിവർ പുറത്താണ്. അതേ സമയം, ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതിനാൽ ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ബൗളിങ് ആക്രമണത്തിന് മൂർച്ച കൂടും. മറുവശത്ത്, ആസ്ട്രേലിയക്കെതിരെ 1-4ന് പരമ്പര തോറ്റ ക്ഷീണം തീർക്കാനാണ് ലങ്കൻ പട എത്തുന്നത്.